ലോണുകൾ തിരിച്ചുപിടിക്കുന്ന കാര്യത്തിൽ എൻബിഎഫ്‌സികൾ ഉപഭോക്താവിനെ ബുദ്ധിമുട്ടിക്കരുത്. കടം വാങ്ങുന്നവരെ അസമയങ്ങളിൽ
നിരന്തരം ശല്യപ്പെടുത്തുക, വായ്പ തിരിച്ചടയ്ക്കാൻ മസിൽ പവർ ഉപയോഗിക്കുക തുടങ്ങിയവ ചട്ടലംഘനമാണ്.
കൊച്ചി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത NBFC കൾ (Non-Banking Financial Company) ഉപഭോക്താക്കൾക്ക് വേണ്ടി കാലാകാലങ്ങളിൽ റിസർവ് ബാങ്ക് പുറപ്പെടുവിക്കുന്ന വ്യവസ്ഥകളും നിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്. ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാൻ വേണ്ടിയുള്ള കസ്റ്റമർ ഗ്രീവൻസ് റിഡ്രസൽ മെക്കാനിസം, അമിത പലിശയുടെ നിയന്ത്രണം എന്നിവ മേൽപ്പറഞ്ഞ വ്യവസ്ഥകളിൽ ഉൾപ്പെടുന്നു.
—
NBFC-കൾ വായ്‌പക്കാരന് മനസ്സിലാകുന്ന ഭാഷയിലോ/ പ്രാദേശിക ഭാഷയിലോ ലോൺ സാംഗ്ഷൻ ലെറ്റർ നൽകേണ്ടതാണ്. NBFC അനുവദിക്കുന്ന വായ്പയുടെ തുകയും വാർഷിക പലിശയും ഉപഭോക്താവ് അനുവർത്തിക്കേണ്ട നിബന്ധനകളും വ്യവസ്ഥകളും വായ്പ എടുക്കുമ്പോൾ തന്നെ രേഖാമൂലം ഉപഭോക്താവിനെ അറിയിക്കേണ്ട ഉത്തരവാദിത്വം കമ്പനിക്കുണ്ട്.
NBFC-കൾ വായ്പാ കരാറിൽ തിരിച്ചടവ് വൈകിയതിന് ഈടാക്കുന്ന പിഴപ്പലിശയെക്കുറിച്ച് കൃത്യമായി സൂചിപ്പിക്കേണ്ടതാണ്. കടം വാങ്ങുന്നയാളുമായി ഭാവിയിൽ ഉണ്ടാകുന്ന എല്ലാവിധ ആശയവിനിമയങ്ങളും പ്രാദേശിക ഭാഷയിലോ കടം വാങ്ങുന്നയാൾക്ക് മനസ്സിലാകുന്ന ഭാഷയിലോ ആയിരിക്കണം. വായ്പ വിതരണ ഷെഡ്യൂൾ, പലിശ നിരക്കുകൾ, സേവന നിരക്കുകൾ, മുൻകൂർ പേയ്‌മെന്റ് ചാർജുകൾ മുതലായവ ഉൾപ്പെടെയുള്ള നിബന്ധനകളിലും വ്യവസ്ഥകളിലും എന്തെങ്കിലും മാറ്റം വരുത്തിയാൽ NBFC-കൾ കടം വാങ്ങുന്നയാൾക്ക് നിർബന്ധമായും നോട്ടീസ് നൽകിയിരിക്കണം. പലിശ നിരക്കുകളിലും ചാർജുകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നിയമപ്രകാരം മാത്രമേ വരുത്താവൂ. ഇക്കാര്യത്തിൽ അനുയോജ്യമായ വ്യവസ്ഥ വായ്പ കരാറിൽ തുടക്കത്തിൽ തന്നെ ഉൾപ്പെടുത്തണം. ഇല്ലെങ്കിൽ മാറ്റം വരുത്തരുത്.
ലോണുകൾ തിരിച്ചുപിടിക്കുന്ന കാര്യത്തിൽ എൻബിഎഫ്‌സികൾ ഉപഭോക്താവിനെ ബുദ്ധിമുട്ടിക്കരുത്. അസമയങ്ങളിൽ കടം വാങ്ങുന്നവരെ നിരന്തരം ശല്യപ്പെടുത്തുക, വായ്പ തിരിച്ചടയ്ക്കാൻ മസിൽ പവർ ഉപയോഗിക്കുക തുടങ്ങിയവ ചട്ടലംഘനമാണ്. ഉപഭോക്താക്കളിൽ നിന്നുള്ള പരാതികളിൽ കമ്പനികളുടെ ജീവനക്കാരുടെ പരുഷമായ പെരുമാറ്റവും ഉൾപ്പെടുന്നതിനാൽ ഉപഭോക്താക്കളുമായി ഉചിതമായ രീതിയിൽ ഇടപെടാൻ സ്റ്റാഫ് മതിയായ പരിശീലനം നേടിയിട്ടുണ്ടെന്ന് NBFC-കൾ ഉറപ്പാക്കണം. വാഹന വായ്പകളിൽ NBFC-കൾക്ക് കടം വാങ്ങുന്നയാളുമായുള്ള കരാർ/വായ്പ കരാറിൽ തിരിച്ചടവ് മുടങ്ങിയാൽ എങ്ങനെയാണ് നിയമപ്രകാരം വാഹനം കമ്പനി തിരിച്ചു പിടിക്കുന്നത് എന്നുള്ള ഒരു ബിൽറ്റ്-ഇൻ റീ-പൊസഷൻ ക്ലോസ് ഉണ്ടായിരിക്കണം.
മേൽക്കാര്യങ്ങളിൽ ഉണ്ടാവുന്ന പരാതികൾ റിസർവ് ബാങ്കിന് നേരിട്ട് സമർപ്പിക്കാവുന്നതാണ്. ഇത്തരം പരാതികൾ NBFC കമ്പനികളുടെ ലൈസൻസ് റദ്ദാക്കുന്നത് വരെ എത്തിച്ചേരുന്നതുമാണ്. തെറ്റായ വ്യാപാര തന്ത്രങ്ങൾ, സേവനത്തിൽ വരുന്ന വീഴ്ച, ചതി എന്നിവക്കെതിരെ ഉപഭോക്താക്കൾക്ക് ഉപഭോക്ത കോടതിയെ സമീപിക്കാവുന്നതാണ്. >>> തയ്യാറാക്കിയത് > അഡ്വ. കെ.ബി മോഹനന്‍,98474 45075.