പന്തളം : നഗരസഭയിൽ കെട്ടിട നികുതി, തൊഴിൽകരം മുതലായവയിൽ അഴിമതി നടത്തുന്നതായി വ്യാപകമായ പരാതി. 2016 മുതലുള്ള കെട്ടിട നികുതി കുടിശിക ഉൾപ്പെടെ 9000 രൂപ കഴിഞ്ഞവർഷം അടച്ചവർക്കും വീണ്ടും അതേ തുക എത്രയും പെട്ടെന്ന് അടയ്ക്കണമെന്ന് നഗരസഭയിൽ നിന്ന് നോട്ടീസ് വന്നിട്ടുണ്ട്. നോട്ടീസ് കിട്ടിയവർ മുൻപ് നികുതി അടച്ച രസീതും നോട്ടീസുമായി നരസഭയിൽ എത്തി ബോധ്യപ്പെടുത്തേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. തൊഴിൽകരം 2024 – 25 കാലഘട്ടത്തിൽ മൂന്നുമാസ ഇടവേളയിൽ ഒരേ വർഷത്തിൽ രണ്ട് പ്രാവശ്യം ഈടാക്കിയതായി നഗരസഭ സെക്രട്ടറിക്കും ചെയർമാനും തദ്ദേശ സ്വയംഭരണ വകുപ്പിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. ഡിസംബർ പതിനേഴാം തീയതി തൊഴിൽകരം അടച്ച വ്യക്തി വീണ്ടും മാർച്ച് പതിനേഴാം തീയതി അതേ വർഷത്തെ അതേ തുക തന്നെ അടയ്ക്കേണ്ടി വന്നു. ഒരേ കാലയളവിൽ അതേ തുക രണ്ടുപ്രാവശ്യം ഈടാക്കിയതിൽ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി സംശയം പ്രകടിപ്പിച്ചു. പരാതിക്കാർ തിരികെ രേഖാമൂലം പരാതിയുമായി വന്നാൽ അവരുടെ പ്രശ്നം പരിഹരിച്ച് വിടുക മാത്രമാണെന്നും ഇങ്ങനെ എത്ര പേരെ കബളിപ്പിച്ചിട്ടുണ്ടാവും എന്നും പലരും സംശയം പ്രകടിപ്പിക്കുന്നു.
നഗരസഭയിൽ നടക്കുന്ന അഴിമതികളെക്കുറിച്ച് ചെയർമാൻ ഉൾപ്പെടെയുള്ള ഭരണസമിതിയോട് രേഖാമൂലം പരാതി നൽകിയിട്ടും യാതൊരു ഫലവും കാണുന്നില്ല എന്നും പന്തളം, മങ്ങാരം, ഇടത്തറയിൽ ഇ എസ് നുജുമുദീൻ അറിയിച്ചു. പൊതുജനങ്ങൾ നികുതിയടക്കുന്നതിന് വേണ്ടി ഫ്രണ്ട് ഓഫീസിൽ എത്തി അധികനികുതി വാങ്ങിയതിനെ കുറിച്ച് തർക്കിച്ചാൽ ഉദ്യോഗസ്ഥർ തിരക്ക് കൂടുതലാണ് എന്നു പറഞ്ഞ് ആൾക്കാരെ പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. പൊതുജനങ്ങൾക്ക് വേണ്ട സംശയനിവാരണം നടത്തുന്നില്ല എന്നും ആക്ഷേപമുണ്ട്. ഈ പരാതികൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ഉപഭോക്തൃ കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും പരാതിപ്പെടും എന്നും ഇ എസ് നുജുമുദീൻ അറിയിച്ചു.
നിലവിലുള്ള നികുതി മൂന്നുവർഷത്തിൽ കൂടുതൽ പിരിക്കാൻ പാടില്ല എന്ന സർക്കാർ ഉത്തരവുള്ളപ്പോഴാണ് 2016 മുതൽ മുൻകാല പ്രാബല്യത്തോടെ കൂടി നഗരസഭ നികുതി വർദ്ധിപ്പിക്കുകയും കൂട്ടിയ നികുതി ഒന്നിച്ച് പൊതുജനങ്ങളിൽ നിന്നും ഈടാക്കിക്കൊണ്ടും ഇരിക്കുന്നത്. ഇതിനെതിരെ കോടതിയിൽ കേസ് നിലനിൽക്കുമ്പോഴാണ് നഗരസഭയിൽ വീണ്ടും അടച്ച നികുതി അതേ വർഷത്തിൽ തന്നെ വീണ്ടും വാങ്ങുന്നത് എന്നുള്ളതും സംശയകരമാണ്. ചെയർമാൻ ഉൾപ്പെടെ നഗരസഭാ ഭരണസമിതിക്ക് രേഖാമൂലം പരാതി നൽകിയിട്ടും പൊതുജനങ്ങളുടെ സംശയനിവാരണം നടത്തുന്നതിനും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ഭരണസമിതി തയ്യാറാകാത്തതും ജനങ്ങളിൽ സംശയം വർദ്ധിപ്പിക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ അഴിമതിക്ക് ഭരണസമിതി അനുവാദം നൽകുകയാണോ എന്നും സംശയം പ്രകടിപ്പിക്കുന്നു.