റാന്നി: ഇട്ടിയപ്പാറ കോളേജ് റോഡിനു സമീപത്തെ ഹോട്ടലില്‍ നിന്നും മാലിന്യവും മലിനജലവും ഓട്ടോറിക്ഷ സ്റ്റാന്‍ഡിനോടു ചേര്‍ന്നു തള്ളുന്നതായി പരാതി. ഇതുമൂലം ഓട്ടോറിക്ഷ തൊഴിലാളികളടക്കമുള്ളവര്‍ക്ക് പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതയെന്നും ആക്ഷേപം. മാലിന്യവും മലിനജലവും കെട്ടികിടന്നു കൊതുകുകള്‍ പെരുകി ദുര്‍ഗന്ധം വമിക്കുകയാണ്. ഇട്ടിയപ്പാറ കോളജ് റോഡിലെ ഓട്ടോ സ്റ്റാൻഡിനു സമീപത്തെ കാഴ്ചയാണിത്. ഓട്ടോ സ്‌റ്റാൻഡിനോടു ചേർന്ന് പഞ്ചായത്തിന്റെ വ്യാപാര സമുച്ചയമുണ്ട്. ഇവിടെ പ്രവൃത്തിക്കുന്ന ഭക്ഷണശാലയിലെ മലിന ജലവും മാലിന്യവുമാണ് ടേക്ക് എ ബ്രേക്ക് വഴിയിടത്തിനു പിന്നിലും പരിസരങ്ങളിലുമായി തള്ളുന്നത്. മലിനജലം നിറഞ്ഞ് ഇവിടം ചെളിക്കുഴിയായി. നൂറോളം ഓട്ടോക്കാർ സ്‌റ്റാൻഡിലുണ്ട്. ഇവര്‍ പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പലതവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടാകുന്നില്ലെന്നും പരാതി പറയുന്നു.
മഴക്കാലപൂർവ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഊര്‍ജിതമായി പഞ്ചായത്തിൽ ശുചീകരണം നടക്കുന്നുണ്ട്. അതിനു നേതൃത്വം നൽകുന്ന ജനപ്രതിനിധികൾ തങ്ങളുടെ ദുരിതം കൂടി കാണണമെന്ന് ഓട്ടോക്കാർ ആവശ്യപ്പെടുന്നു. സ്ഥാപനങ്ങളിലെ ശുചിത്വ സൗകര്യങ്ങളിൽ വീഴ്ച വരുത്തുന്നവരിൽ നിന്ന് 10,000 മുതല്‍ 20,000 രൂപ വരെ പിഴ ഈടാക്കാമെന്ന് പൊതുജനാരോഗ്യ നിയമം 2023ൽ വ്യക്തമായി പറയുന്നുണ്ട്. പഞ്ചായത്ത് അധികൃതര്‍ ഇത് കർശനമായി നടപ്പാക്കണമെന്നാണ് ഓട്ടോറിക്ഷ തൊഴിലാളികളുടെ ആവശ്യം.