നിർമ്മലപുരം: ചുങ്കപ്പാറ – നിർമ്മലപുരം ഗ്രാമീണ റോഡിൽ അമിതഭാരം കയറ്റി വരുന്ന തടി ലോറികൾ വൈദ്യുത ലൈൻ തകരാറിലാക്കി നിരന്തരം പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി നിർമ്മലപുരം മുഴയമുട്ടം ഭാഗങ്ങളിൽ നിന്ന് പട്ടയഭൂമിയിലേയും വനപ്രദേശങ്ങളിലേയും അടക്കമുള്ള തടികൾ വെട്ടി ലോറികളിൽ അമിത ലോഡ് കയറ്റി വൈകുന്നേരങ്ങളിൽ ഗ്രാമീണ റോഡിൽ കൂടി ടോറസ് വാഹനങ്ങളിൽ കൊണ്ടുപോകുമ്പോൾ സർവീസ് ലൈനുകള്‍ ഉൾപ്പെടെ വൈദ്യുത ലൈനുകൾ തകരാറിലാകുകയും നിരവധി വീടുകൾക്ക് ഇതോടെ വൈദ്യുതി ലഭിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. വേനൽ കടുത്തതുമൂലം പ്രദേശവാസികൾ വളരെ പ്രതിസന്ധിയിൽ ആണ്.
തെരുവു വിളക്കുകൾ പ്രകാശിക്കാത്തതിനാൽ കാട്ടുമൃഗങ്ങൾ, തെരുവ് നായ്ക്കൾ, മാലിന്യ നിഷേപകർ എന്നിവരുടെ ശല്യം രൂക്ഷമാണ്. ഈ പ്രശ്നത്തിൽ അധികൃതരുടെ അടിയന്തിര നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ നിർമ്മല പുരം – ചുങ്കപ്പാറ ജനകീയ വികസന സമതി സമരപരിപാടികൾ നടത്തുമെന്ന് അറിയിച്ചു. ജനകീയ വികസന ഭാരവാഹികളായ സോണി കൊട്ടാരത്തിൽ, ജോസി ഇലഞ്ഞിപ്പുറം, ജോയി പീടികയിൽ, ബാബു പുലി തിട്ട, തോമസുകുട്ടി വേഴമ്പ തോട്ടം, രാജു, രാജൻ നാഗപ്പാറ, ബിറ്റോ മാപ്പൂര്,തോമസുകുട്ടി കണ്ണാടിക്കൽ, റോബിൻ കൊട്ടാരം, റോയി ഇലഞ്ഞിപ്പുറം എന്നിവർ പ്രസംഗിച്ചു.