പത്തനംതിട്ട : നഗരത്തിന്റെ ദാഹമകറ്റാൻ 27. 62 കോടി രൂപ ചിലവിൽ നഗരസഭ നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ ആധുനിക ജല ശുദ്ധീകരണ പ്ലാന്റ് യാഥാർത്ഥ്യമാകുന്നു. നിർമ്മാണോദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ നിർവഹിച്ചു. പ്ലാൻ്റിൻ്റെ നിർമ്മാണത്തിന് 14.87 കോടി രൂപയാണ് ചിലവ്. ഫിൻസ് എൻജിനിഴേയ്സ് ആൻ്റ് കോൺട്രാക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കരാറുകാർ. 18 മാസം കൊണ്ട് പദ്ധതി പൂർത്തിയാകും. കുടിവെള്ള ക്ഷാമം രൂക്ഷമായി നേരിടുന്ന നഗരത്തിന് ഇപ്പോൾ ആവശ്യത്തിന് ജലലഭ്യത ഇല്ല. പുതിയ പ്ലാൻറ് നിലവിൽ വരുന്നതോടെ നഗരത്തിൽ പ്രതിദിനം 130 ലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്യാനാകും. നിലവിലെ ശുദ്ധീകരണ പ്ലാൻറ് കാലഹരണപ്പെട്ടതും 65 ലക്ഷം ലിറ്റർ വെള്ളം മാത്രം പ്രതിദിനം ശുദ്ധീകരിക്കാൻ ശേഷിയുള്ളതുമാണ്. വിതരണ നഷ്ടം മൂലം ഇത്രയും വെള്ളം ഉപഭോക്താക്കളിൽ എത്തുന്നില്ല ഇതിന് പരിഹാരമായി നഗരത്തിലെ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിച്ചു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ലാമിലാർ ടൈപ്പ് വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റാണ് പാമ്പൂരിപ്പാറയിൽ സജ്ജമാകുന്നത്. ഇതോടൊപ്പം കല്ലറകടവിൽ നിന്നും പ്ലാന്റിലേക്ക് വെള്ളം എത്തിക്കാനുള്ള റോ വാട്ടർ പമ്പിങ് മെയിൻ, ജലസംഭരണിയിലേക്ക് വെള്ളം എത്തിക്കാനുള്ള ക്ലിയർ വാട്ടർ പമ്പിങ് മെയിൻ, 400 കിലോവാട്ട് ട്രാൻസ്ഫോമർ, പമ്പ് സെറ്റുകൾ എന്നിവയും ഇപ്പോൾ നിർമ്മിക്കും.
ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, വിദ്യാഭ്യാസ -കല -കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീർ എസ്, പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, കൗൺസിലർമാരായ അഡ്വ. എ സുരേഷ് കുമാർ, വിമലശിവൻ, ശോഭ കെ മാത്യു, സി കെ അർജ്ജുനൻ, ആർ സാബു, എ അഷറഫ്, ഷീല എസ്, സുജാ അജി, നീനു മോഹൻ, വി ആർ ജോൺസൺ, ഷൈലജ എസ്, എം സി ഷെരീഫ്, ആനി സജി, ജലവിഭവ വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ ആർ.വി സന്തോഷ് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീലേഖ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പൊന്നമ്മ ശശി, മുനിസിപ്പൽ എൻജിനീയർ സുധീർരാജ് ജെ.എസ് തുടങ്ങിയവർ പങ്കെടുത്തു. വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ എബ്രഹാം വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. റിട്ടയേർഡ് ചീഫ് എൻജിനീയർ സ്വാമിനാഥ് പി.എൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രദീപ് ചന്ദ്ര എസ്.എസ്, അർബൻ ഇൻഫ്രസ്ട്രക്ചര്‍ കം വാട്ടർ എക്സ്പേർട്ട് ആദർശ് ദേവരാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ റെനീസ് മുഹമ്മദ്, പി കെ ജേക്കബ്, ഷാജി എം.എച്ച്, ഷാഹുൽഹമീദ്, സത്യൻ കണ്ണങ്കര, നൗഷാദ് കണ്ണങ്കര, എം ജെ രവി, മാത്തൂർ സുരേഷ്, പ്രസാദ് മാമ്പറ എന്നിവർ പ്രസംഗിച്ചു.
പ്ലാൻ്റ് പ്രവർത്തനം ഇങ്ങനെ
നദിയിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ഏറിയേറ്ററിലെത്തിച്ച് ദുർഗന്ധം അകറ്റാനും വായുവുമായി ഇടകലർന്ന് കൂടുതൽ ഓക്സിജൻ ഉൾക്കൊള്ളാനുമായി കടത്തിവിടും. തുടർന്ന് ഫ്ലാഷ് മിക്സറിലെത്തിച്ച് അഴുക്ക് അടിയാൻ സഹായിക്കുന്നതിന് ആലം, കുമ്മായം എന്നിവ കലർത്തും. ഓരോ ഘട്ടത്തിലും ജല പരിശോധന നടത്തിയാകും ഇവയുടെ അളവ് നിശ്ചയിക്കുക. തുടർന്ന് ഫ്ലോക്കുലേറ്ററിൽ എത്തിച്ച് ഇവ വെള്ളത്തിൽ നന്നായി കലർന്ന് മാലിന്യത്തിന്റെ ചെറുകണികകൾ കൂടിച്ചേർന്ന് വലിയ കണങ്ങളാക്കാൻ പാഡിൽ ഉപയോഗിച്ച് ചെറുതായി ഇളക്കി കൊടുക്കും. ഈ ജലത്തിലെ മാലിന്യ കണങ്ങൾ അടിയാൻ ലാമിലാർ ക്ലാരിഫയറിലെത്തിക്കും. ഇതിൽ ചരിച്ച് അടുക്കി വച്ചിരിക്കുന്ന നൂറുകണക്കിന് പ്ലേറ്റുകളിൽ അഴുക്ക് അടിഞ്ഞുകൂടുകയും സ്വാഭാവികമായി അതിൽ നിന്നടർന്ന് താഴെ സജ്ജീകരിച്ചിരിക്കുന്ന ചോർപ്പ് പോലെയുള്ള ഭാഗത്തേക്ക് എത്തുകയും ചെയ്യും. തെളിയുന്ന വെള്ളം അടുത്തതായി ഫിൽറ്റർ ബെഡിലൂടെ കടത്തിവിടും. ഇതിൽ മണലും ആന്ത്രസൈറ്റ് എന്ന കൽക്കരിയാണ് ഉപയോഗിക്കുക. നന്നായി അരിക്കാനും എളുപ്പത്തിൽ വൃത്തിയാക്കാനും സാധിക്കുന്ന പ്രത്യേക കൽക്കരിയാണ് ഇത്. ക്ലീൻ വാട്ടർ സങ്കിലേക്ക് അരിച്ചെത്തുന്ന വെള്ളത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിനായി വാതക രൂപത്തിലുള്ള ക്ലോറിൻ ഉപയോഗിക്കും. ഇങ്ങനെ ശുദ്ധീകരിച്ച് എത്തുന്ന ജലം നേരിട്ട് കുടിക്കാവുന്നതാണ്.