കോട്ടയം : പൂഞ്ഞാറിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ പ്രചാരണത്തിനിടയിലേക്ക് പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമിച്ചതായി പരാതി. പൂഞ്ഞാര്‍ പഞ്ചായത്തിലെ പര്യടനത്തിനിടയിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. എല്‍ ഡി എഫ് പ്രവര്‍ത്തകരായ പി കെ തോമസ് പുളിമൂട്ടില്‍, ഷിബു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രചാരണത്തിനിടയിലേക്ക് കയറ്റി പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ച ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചപ്പോഴാണ് ഇത് ഷോണ്‍ ജോര്‍ജിന്റെ വാഹനമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ടയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇരാറ്റുപേട്ടയില്‍ കഴിഞ്ഞ ദിവസം പി സി ജോര്‍ജ് നടത്തിയ പ്രചാരണങ്ങള്‍ക്കിടെ സംഘര്‍ഷമുണ്ടായിരുന്നു. പി സി ജോര്‍ജ് വോട്ട് ചോദിക്കുന്നതിനിടെ ജനം കൂവി വിളിക്കുന്ന സംഭവവും ഉണ്ടായിരുന്നു.