റാന്നി: റാന്നി ഇനി വിജ്ഞാന റാണി. മത്സരപരീക്ഷകളിൽ റാന്നി നിയോജക മണ്ഡലത്തിലെ കുട്ടികളെ സജ്ജരാക്കാൻ അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ സമഗ്ര പദ്ധതി ഒളിമ്പ്യ 2024 നടപ്പാകുന്നു. പരമ്പരാഗത രീതിയിൽ ഉള്ള കോഴ്സുകളിൽ നിന്നും വ്യത്യസ്തമായ വിവിധതരം കോഴ്സുകളെ കുറിച്ചും വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പഠന സ്കോളർഷിപ്പുകളെ കുറിച്ചും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവബോധം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഒളിമ്പ്യ 2024 എന്ന പദ്ധതി നടപ്പാക്കുന്നത്. നിലവിൽ ഇത്തരത്തിലുള്ള മത്സര പരീക്ഷകൾക്കും സ്കോളർഷിപ്പുകൾക്കും 1% കുട്ടികൾ പോലും കേരളത്തിൽ നിന്ന് അപേക്ഷിക്കാറില്ല.
റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായുള്ള പാത്ത്‌ഫൈൻഡർ വിദ്യാഭ്യാസ പദ്ധതിയുടെ യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള യുഎസ്എസ്, എൻഎംഎംഎസ്, കൂടാതെ വിവിധ അന്താരാഷ്ട്ര ഒളിമ്പ്യാഡ് സ്കോളർഷിപ്പ് പരീക്ഷകളെക്കുറിച്ചും അവയുടെ അനന്ത സാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ പരിപാടിയെയാണ് കുട്ടികൾ ഇരുകൈയും നീട്ടി സ്വീകരിച്ചത്.
നന്നായി പഠിച്ച് ഉയർന്ന ജോലി വാങ്ങി അമ്മയ്ക്ക് അഭിമാനമായി മാറണം എന്നാണ് ക്ലാസിൽ പങ്കെടുക്കാൻ വന്ന നാറാണംമൂഴി സെൻറ് ജോസഫ് സ് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ വൈഷ്ണവി മുകേഷ് പറഞ്ഞത്. ക്ലാസിന് വരുന്നതുവരെ ഡോക്ടർ, നഴ്സ് എന്നല്ലാതെ തനിക്ക് ഒരുപാട് ലക്ഷ്യം ഒന്നുമില്ലായിരുന്നു എന്നാണ് എസ് സി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ ഗിഫ്റ്റി പറഞ്ഞത്.
ക്ലാസിന് വന്നതോടെ വിവിധ കോഴ്സുകളെ കുറിച്ചും സ്കോളർഷിപ്പുകളെ കുറിച്ചും അറിയാൻ കഴിഞ്ഞു. ഇത് തന്നെ ജീവിതത്തിൽ തന്നെ പുതിയ വഴിത്തിരിവാണ്. ഇത്രയും നാൾ ഇതുപോലെ സ്കോളർഷിപ്പുകളെ കുറിച്ചോ കോഴ്സുകളെ കുറിച്ചോ തനിക്ക് യാതൊരു അറിവും ഇല്ലായിരുന്നു എന്നാണ് പുതുശേരി മല ഗവ.യു പി സ്കൂൾ വിദ്യാർത്ഥിനി എസ് ശ്രേയ പറഞ്ഞത്. ഐഎഎസ് കാരി ആകണം എന്ന് മോഹം പറഞ്ഞ വെച്ചൂച്ചിറ ഗവ എച്ച്എസ്എസിലെ അനുപമ എസ് കുമാറിന് ദിവ്യ എസ് അയ്യരുമായി ഒരു അഭിമുഖം എംഎൽഎ ഉറപ്പ് നൽകി. ഇവരെപ്പോലെ നൂറുകണക്കിന് വിദ്യാർത്ഥികളുടെ മനസ്സിലേക്ക് പുത്തനാശയങ്ങളും അറിവും ഉണർവും പകർന്നു നൽകാൻ ഒളിമ്പ്യ 2024 നായി. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ക്ലാസ് ഉദ്ഘാടനം ചെയ്തു. പി പ്രണവ് പദ്ധതി വിശദീകരണം നടത്തി. ഡോ സുരേഷ് കുമാർ (പി എസ് കെ ) വൈശാഖ് എന്നിവർ എന്നിവർ ക്ലാസ് എടുത്തു. സ്കൂൾ പ്രിൻസിപ്പാൾ ബെറ്റി സി ആൻ്റോ കൃതജ്ഞത പറഞ്ഞു. റാന്നിയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി നടപ്പിലാക്കുന്ന ഈ വിദ്യാഭ്യാസ പദ്ധതിയുടെ എല്ലാവിധ സഹകരണങ്ങളും ചെയ്യുന്നത് സോഷ്യൽ എൻജിനീയറിങ് ഗ്രൂപ്പായ വീ ക്യാൻ സോഷ്യൽ ഇന്നോവേറ്റേഴ്സാണ്.