കോന്നി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോന്നി വനവികാസ ഏജൻസിയുടെ ആഭിമുഖ്യത്തിൽ കോന്നിയിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ കോളേജുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടുകൂടി മനുഷ്യ വന്യജീവി സംഘർഷത്തെക്കുറിച്ച് കോൺക്ലേവ് സംഘടിപ്പിച്ചു. കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശശീന്ദ്രകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആയുഷ് കുമാർ കോറി ഐ എഫ് എസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. മനുഷ്യ വന്യജീവി സംഘർഷം വളരെയധികം വർദ്ധിച്ചു വരുന്നതിനാൽ ആണ് പൊതുജനങ്ങളെ ബോധവൽകരിക്കുന്നതിനും വിവിധ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന്റെയും ഭാഗമായാണ് ഇത്തരം ഒരു സെമിനാറും വിവിധ സംഘടനകളെയും കോളേജുകളെയും ഉൾപ്പെടുത്തിയുള്ള കോൺക്ലേവും സംഘടിപ്പിച്ചത്. പങ്കെടുത്തവർ എല്ലാം തന്നെ അവരുടേതായ പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.
എസ് എ എസ് കോളേജ് കോന്നി, വി എൻ എസ് കോളേജ് കൊന്നപ്പാറ, മൗണ്ട് സിയോൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് കടമ്മനിട്ട, സെന്റ് തോമസ് കോളേജ് കൊന്നപ്പാറ, എലി മുള്ളും പ്ലാക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, എലിമുള്ളും പ്ലാക്കൽ വന സംരക്ഷണ സമിതി അംഗങ്ങൾ, ഇന്ത്യൻ സീനിയർ ചേമ്പർ കോന്നി, വിവിധ കർഷകർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് തങ്ങളുടേതായ പരിഹാരമാർഗ്ഗങ്ങൾ മുന്നോട്ടുവെച്ചു. കോന്നി വനവികാസ ഏജൻസി കോ ഓർഡിനേറ്റർ വി വിനോദ്, റെയിഞ്ച് കോഡിനേറ്റർ അഖിൽ ഗണേഷ് പി, താവളപ്പാറ വി എസ് എസ് സെക്രട്ടറി അരുൺ ലാൽ എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എലിമുള്ള പ്ലാക്കൽ വിഎസ് സെക്രട്ടറി എസ് അഖിൽ സ്വാഗതവും ബി എഫ് ഒ കെ ശ്രീരാജ് കൃതജ്ഞതയും രേഖപ്പെടുത്തി.
സാമൂഹ്യ വനവത്കരണ വിഭാഗം പത്തനംതിട്ട ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട റെയിഞ്ചിൽ പന്തളം ബ്ലോക്കിൽ തുമ്പമൺ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് വിജയപുരം ഭാഗത്ത് വൃക്ഷതൈകൾ നട്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമ്മാർജ്ജനം നടത്തിയും പരിസ്ഥിതി ദിനാചരണം നടത്തി. തുമ്പമൺ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തോമസ് വർഗ്ഗീസ് തോപ്പിൻ്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റോണി സഖറിയ ഉത്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ബീനാ വർഗ്ഗീസ്, ഓവർസിയർ ലേഖ, സാമൂഹ്യ വനവത്കരണ വിഭാഗം പത്തനംതിട്ട റെയിഞ്ചിലെ സന്തോഷ് പി.എ (ഗ്രേഡ് ഡെപ്യൂട്ടി ഫോറെസ്റ്റ് ഓഫസർ ) എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സിനിമോൾ ഏബ്രഹാം നന്ദി അറിയിച്ചു.