എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിലേക്ക് അഭിഭാഷകരുടെ ആക്രമണം. കോളേജിലേക്ക് അഭിഭാഷകർ ബിയർ കുപ്പിയും കല്ലുകളും വലിച്ചെറിഞ്ഞു. ഇന്നലെ രാത്രി വിദ്യാർഥികളെ ആക്രമിച്ചതിന് പിന്നാലെയാണ് ആക്രമണം. ഇന്നലെ മഹാരാജാസ് കോളേജിലെയും ലോ കോളേജിലെയും വിദ്യാർത്ഥികളെ അഭിഭാഷകർ മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു. മർദ്ദനത്തിൽ പരുക്കേറ്റ വിദ്യാർത്ഥികൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ അർദ്ധരാത്രി കഴിഞ്ഞാണ് എറണാകുളം ജില്ലാ കോടതിയിലെ ബാർ അസോസിയേഷൻ ഓഫീസ് അങ്കണത്തിൽ സംഘർഷം ഉണ്ടായത്. ബാർ അസോസിയേഷന്റെ വാർഷിക ആഘോഷ ചടങ്ങുകൾ നടന്നു വരികയായിരുന്നു. ചില അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. മദ്യപിച്ച് എത്തിയ ചില അഭിഭാഷകർ വിദ്യാർഥിനികളോട് ഉൾപ്പെടെ മോശമായി പെരുമാറിയതാണ് സംഘർഷത്തിന് കാരണമായത് എന്നാണ് എസ്എഫ്ഐ പ്രവർത്തകർ പറയുന്നത്.
മർദ്ദനത്തിൽ പരിക്കേറ്റ പത്തോളം വിദ്യാർത്ഥികൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ഉൾപ്പെടെ മർദ്ദനമേറ്റു. ബാർ അസോസിയേഷന് പുറത്ത് റോഡിൽ എത്തിയ ശേഷവും അഭിഭാഷകർ വിദ്യാർത്ഥികൾക്കു നേരെ കയ്യേറ്റം നടത്തിയതായി പറയുന്നു. മഹാരാജാസ് കോളേജിൽ ഇന്നു നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾക്കായി കാമ്പസിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. സംഭവമറിഞ്ഞ് എത്തിയ ലോ കോളേജ് വിദ്യാർത്ഥികൾക്കു നേരെയും ആക്രമണമുണ്ടായി. സംഘർഷത്തിനിടയിൽ ഇരു കൂട്ടരെയും പിടിച്ചു മാറ്റാൻ ശ്രമിക്കവെ മൂന്ന് പോലീസുകാർക്കും പരിക്കേറ്റു. സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ അഭിഭാഷകർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.