ചാരുംമൂട് : ഉത്സവം കഴിഞ്ഞ് മടങ്ങിയവർ തമ്മിലുണ്ടായ സംഘട്ടനത്തിലെ പ്രതികൾ പിടിയിൽ. പയ്യനല്ലൂർ പാലമൂട്ടിൽ ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങിയവർ തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയിൽ കലാശിക്കുകയും യുവതിക്കു പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളാണു പിടിയിലായത്.
രണ്ടു കേസുകളിലായി പാലമേൽ പയ്യനല്ലൂർ മുകളുപറമ്പിൽ വീട്ടിൽ ബിനു (46), പാലമേൽ എരുമക്കുഴി വാലുതറയിൽ വീട്ടിൽ വിമൽ (23), പാലമേൽ പയ്യനല്ലൂർ അടൂർശ്ശേരി തറയിൽ വീട്ടിൽ സച്ചു (20), എരുമക്കുഴി മുറിയിൽ തുണ്ടിൽ വീട്ടിൽ താമസക്കാരനായ ഉണ്ണി (22) എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റുചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് : ഉത്സവസ്ഥലത്തുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സ്കൂട്ടറിൽ വരുകയായിരുന്ന വിമൽ, സച്ചു, ഉണ്ണി എന്നിവരെ ബിനു കമ്പിവടികൊണ്ട് ആക്രമിച്ചു. തുടർന്ന് കമ്പിവടി പിടിച്ചുവാങ്ങി ബിനുവിനെ തിരിച്ചടിച്ചു. ബഹളംകേട്ടുവന്ന ബിനുവിന്റെ ഭാര്യ വീണയെയും ഇവർ ആക്രമിച്ചു. വീണയുടെ കൈക്കു പരിക്കേറ്റു. രണ്ടു സംഭവത്തിലും കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ. എസ്. ശ്രീകുമാർ, എസ്.ഐ. എസ്. നിതീഷ്, എസ്.സി.പി.ഒ. മാരായ രജീഷ്, ശരത്ത്, സി.പി.ഒ. മാരായ വിഷ്ണു, ജയേഷ്, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.