ബെംഗളൂരു : ഒരു വർഷത്തിലേറെ നീണ്ടു നിന്ന ചർച്ചകൾക്കും കാത്തിരിപ്പിനുമൊടുവിൽ നടന്ന മന്ത്രിസഭാ വികസനത്തിനു പിന്നാലെ സംസ്ഥാന ബിജെപിക്കുള്ളിൽ വീണ്ടും വിമത ശബ്ദമുയരുന്നു. തനിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തുവന്ന ബിജെപി സാമാജികരോടു പൊതുമധ്യത്തിൽ വിഴുപ്പലക്കാതെ കേന്ദ്ര നേതൃത്വത്തെ നേരിൽ കണ്ടു പരാതിപ്പെടാൻ നിർദേശിച്ച് മുഖ്യമന്ത്രി യെഡിയൂരപ്പ.
രഹസ്യ വിവരങ്ങൾ ഉൾപ്പെട്ട സിഡി കാണിച്ചു മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയാണ് പുതുതായി മന്ത്രിമാരായ ഏഴിൽ 3 പേരെങ്കിലും പദവി കയ്യാളിയതെന്ന് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നൽ ആരോപിച്ചു. അഴിമതി കേസുകൾ നേരിടുന്ന യെഡിയൂരപ്പ രാജിവയ്ക്കണമെന്നും യത്നൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയായ എം.പി രേണുകാചാര്യ, മറ്റ് എംഎൽഎമാരായ എം.പി കുമാരസ്വാമി, സതീഷ് റെഡ്ഡി, ശിവനഗൗഡ നായക്, തിപ്പറെഡ്ഡി, സുനിൽ കുമാർ, രാജൂഗൗഡ, എസ്.എ രാമദാസ് , കൂറുമാറ്റക്കാർക്കിടയിൽ നിന്നു എ.എച്ച് വിശ്വനാഥ് എംഎൽസി, എംഎൽഎമാരായ മഹേഷ് കുമത്തല്ലി, എൻ.മുനിരത്ന തുടങ്ങി ഒട്ടേറെ പേർ അതൃപ്തിയുമായി രംഗത്തുണ്ട്.