കുന്നത്തൂർ : പോരുവഴി പെരുവുരുത്തി മലനട ക്ഷേത്രത്തിലെ ഉത്സവ ദിവസം രണ്ട് കുട്ടികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ അവരോടൊപ്പം കുളത്തിൽ മുങ്ങിപ്പോയ അഭിനന്ദ് എന്ന വിദ്യാർത്ഥിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ പോരുവഴി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും സ്കൗട്ട് ലീഡറുമായ ബിജിൻ ജോണിനെ ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കടമ്പനാട് കെ ആർ കെ പി എം എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അഭിനന്ദും മാതാപിതാക്കളും നന്ദി അറിയിച്ചു കൊണ്ട് ഗ്രന്ഥശാല സംഘടിപ്പിച്ച പരിപാടിയിൽ എത്തിച്ചേർന്നു. ലൈബ്രറി കൗൺസിൽ കുന്നത്തൂർ താലൂക്ക് കൗൺസിൽ അംഗവും പോരുവഴി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പിടിഎ പ്രസിഡൻ്റുമായ അക്കരയിൽ ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ ഗ്രന്ഥശാലയുടെടെ സ്നേഹോപഹാരം നല്കി. ഗ്രന്ഥശാല പ്രസിഡൻ്റ് , എം.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് പെരുംകുളം, റ്റി എസ് നൗഷാദ്, ഷാഹിദ് ചിറയിൽ ശക്തികുമാർ പാലമൂട്ടിൽ, മുഹമ്മദ് ഷാജഹാൻ ചേഞ്ചിറക്കുഴി, ഹർഷ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.