തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തര്‍ക്കം കാരണം നീട്ടിവെച്ച ആറ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. വട്ടിയൂര്‍ക്കാവില്‍ പി സി വിഷ്‌ണുനാഥും തവനൂരില്‍ റിയാസ് മുക്കോളിയും പട്ടാമ്പിയില്‍ ആര്യാടന്‍ ഷൗക്കത്തും സ്ഥാനാര്‍ത്ഥികളായേക്കും. രാഹുല്‍ഗാന്ധിക്ക് വേണ്ടി പാര്‍ലമെന്റ് മണ്ഡലം വിട്ടുനല്‍കിയ ടി സിദ്ദിഖിനെ കല്‍പ്പറ്റയില്‍ തന്നെ ഇറക്കാനാണ് കോണ്‍ഗ്രസില്‍ ആലോചന നടക്കുന്നത്. നിലമ്പൂരില്‍ വി വി പ്രകാശും കുണ്ടറയില്‍ ബാലന്‍ മാസ്റ്ററുമാകും മത്സരത്തിനിറങ്ങുകയെന്നാണ് സൂചന.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് നാല് ദിവസം മാത്രം അവശേഷിക്കുകയും പ്രതിഷേധങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിപ്പിക്കേണ്ടയെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. അതുകൊണ്ട് ഇന്നലെ രാത്രി തന്നെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി. പരാതികളുന്നയിച്ചിരുന്ന മലപ്പുറം ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, ആര്യാടന്‍ ഷൗക്കത്ത് എന്നിവരുമായും സംസാരിച്ചു. ഡല്‍ഹിയിലുളള കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനുമായി ഫോണിലും സംസാരിച്ചതോടെയാണ് സീറ്റുകളില്‍ ഏകദേശ ധാരണയിലെത്തിയത്.
വട്ടിയൂര്‍ക്കാവില്‍ ആദ്യം നിശ്ചയിച്ചിരുന്ന കെ പി അനില്‍കുമാറിനെതിരെ പ്രതിഷേധം ഉയര്‍ന്നതാണ് പി സി വിഷ്‌ണുനാഥിന്റെ പേരിലേക്ക് ചര്‍ച്ചകള്‍ എത്തിച്ചേര്‍ന്നത്. പൊതുപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിന് സീറ്റുണ്ടാകില്ല. പകരമായാണ് തവനൂരില്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയെ രംഗത്തിറക്കുന്നത്. ഇന്ന് വയനാട്ടിലെത്തുന്ന രമേശ് ചെന്നിത്തല പ്രതിഷേധക്കാരോട് സംസാരിച്ച് സിദ്ദിഖിന്റെ കാര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കും.