തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം യുഡിഎഫ് ഏകോപന സമിതിയുടെ ആദ്യയോഗത്തില്‍ സ്വയം വിമര്‍ശനവുമായി നേതാക്കള്‍. പിണറായി സര്‍ക്കാരിന് അനുകൂല തരംഗം മുന്‍കൂട്ടി കാണാനായില്ലെന്ന് നേതാക്കള്‍, ജോസ് കെ.മാണി പോയതും എല്‍ജെഡി പോയതും വന്‍ വീഴ്ചയായി. ഇവരെ യഥാസമയം പിടിച്ചു നിര്‍ത്താന്‍ ഇടപെടലുണ്ടായില്ലെന്നും വിമര്‍ശനമുയര്‍ന്നു.
ഐശ്വര്യ കേരള യാത്രയിലെ ആള്‍ക്കൂട്ടം കണ്ട് വോട്ടാണെന്നു തെറ്റിദ്ധരിച്ചു. യുഡിഎഫിനുണ്ടായ തോല്‍വി വിശദമായി പഠിക്കണമെന്ന് മുസ്ലിം ലീഗ്. ചെറു പാര്‍ട്ടികള്‍ക്ക് സീറ്റ് നല്‍കാതെ കോണ്‍ഗ്രസ് അപമാനിച്ചെന്ന് സിഎംപിയും ഫോര്‍വേഡ് ബ്ലോക്കും പരാതി ഉന്നയിച്ചു. തങ്ങള്‍ക്ക് ജയിക്കാവുന്ന ഒരു സീറ്റുമല്ല നല്‍കിയതെന്നായിരുന്നു സിഎംപിയുടെ പരാതി.
സീറ്റ് കിട്ടാത്തതിലുള്ള പ്രതിഷേധം ജി ദേവരാജനും പങ്കുവെച്ചു. സിപിഎം ചെറുകക്ഷികളെ അടക്കം ജയിപ്പിച്ച് മന്ത്രിയാക്കിയത് കണ്ടു പഠിക്കണമെന്നും സി പി ജോണും ജി ദേവരാജനും യോഗത്തില്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് ചെയര്‍മാനെ കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചുവെന്നും ഘടക കക്ഷികള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും ഭാരതീയ നാഷണല്‍ ജനതാദള്‍ യോഗത്തില്‍ വിമര്‍ശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം യുഡിഎഫ് ഏകോപന സമിതിയുടെ ആദ്യയോഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഷിബു ബേബി ജോണും പങ്കെടുത്തില്ല.
കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് മുല്ലപ്പള്ളി യോഗത്തില്‍ പങ്കെടുക്കേണ്ടത്. എന്നാല്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധനാണെന്ന് മുല്ലപ്പള്ളി കോണ്‍ഗ്രസ് ഹൈക്കമാന്റിന് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ സ്ഥാനത്ത് തുടരുന്നത് തികച്ചും സാങ്കേതികമായാണെന്ന നിലപാടിലായിരുന്നു മുല്ലപ്പള്ളി. നേരത്തെ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പലതും നടപ്പാക്കിയില്ലെന്ന ആക്ഷേപം ഉന്നയിച്ചാണ് ഷിബു ബേബി ജോണ്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നത്. എന്നാല്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് ഷിബു വ്യക്തമാക്കി. അതേസമയം മുന്നണി വിടണമെന്ന ആവശ്യത്തില്‍ ആര്‍എസ്പിയില്‍ ഒരുവിഭാഗം രംഗത്തുവന്നിട്ടുണ്ട്. അതേസമയം യോഗത്തില്‍ പങ്കെടുത്തെങ്കിലും രമേശ് ചെന്നിത്തല ഒന്നും പറഞ്ഞില്ല.