തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ വോട്ട് കച്ചവടം നടത്തിയതായി സി.പി.എം. ചില വാർഡുകളിൽ സി.പി.എമ്മിന് അപ്രതീക്ഷിത തോൽവിയുണ്ടായത് ഇതിനെ തുടർന്നാണെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചു. തോൽവിയുണ്ടായ ഇടങ്ങളിൽ പരിശോധന നടത്താനും പാർട്ടി തീരുമാനിച്ചു.
നെടുങ്കാട് പിടിപി നഗർ ഉൾപ്പടെയുള്ള ഇടങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ട് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയ്ക്ക് മറിച്ചുവെന്ന ആരോപണം സി.പി.എം ഉയർത്തുന്നത്. 25 വാർഡുകളിൽ ഇത്തരത്തിൽ വോട്ടുകച്ചവടം നടത്തിയെന്നാണ് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്റെ ആരോപണം.
52 വാർഡുകൾ നേടി കോർപ്പറേഷൻ ഭരണം നിലനിർത്തിയെങ്കിലും മേയർ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്ന പലരുടെയും തോൽവി ഗൗരവമായി പരിശോധിയ്ക്കണമെന്ന നിലപാടിലാണ് സി.പി.എം ജില്ലാ നേതൃത്വം. ഒ.ജി ഒലീന, പുഷ്പലത തുടങ്ങിയവരുടെ തോൽവി പാർട്ടി പരിശോധിയ്ക്കും. സംഘടനപരമായ പരിശോധനയാണ് പാർട്ടി നടത്തുക.