പത്തനംതിട്ട : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 139-ാം ജന്മദിനാഘോഷവും മഹാത്മാഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായതിന്‍റെ 100-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള ഗാന്ധി സ്മൃതി സംഗമവും 2024 ഡിസംബര്‍ 28 ശനിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. രാവിലെ 10 മണിക്ക് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ ജന്മദിന ആഘോഷവും ഗാന്ധി സ്മൃതി സംഗമവും ഉദ്ഘാടനം ചെയ്യും.
ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു മുഖ്യപ്രഭാഷണം നടത്തും. ഗാന്ധിജിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും എന്ന വിഷയത്തെക്കുറിച്ച് നടക്കുന്ന സെമിനാറില്‍ കെ.പി.സി.സി നയരൂപീകരണ സമിതി ചെയര്‍മാന്‍ ഡോ. ജെ.എസ്. അടൂര്‍ പ്രബന്ധം അവതരിപ്പിക്കും. കെ.പി.സി.സി, ഡി.സി.സി സംഘടനാ നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കും. ജന്മദിന ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ജില്ലയിലെ കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം, വാര്‍ഡ്, ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍, ജന്മദിന സമ്മേളനങ്ങള്‍, ഗാന്ധി സ്മൃതി സംഗമങ്ങള്‍, സന്ദേശയാത്രകള്‍ എന്നിവയും സംഘടിപ്പിക്കുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു.