പത്തനംതിട്ട : കെ.പി.സി.സി ആഹ്വാനപ്രകാരം ജില്ലയിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍ പുന:സംഘടിപ്പിച്ചു. ഇതോടെ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് പുതിയ നേതൃത്വം ആയി. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ ബൂത്ത് കമ്മിറ്റികളും ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്ന കെ.പി.സി.സി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജില്ലയിലെ 1084 ബൂത്ത് കമ്മിറ്റികള്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് താഴെ തട്ടിലുള്ള പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബൂത്ത് കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.
എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന മുദ്രാവാക്യവുമായി ബൂത്ത് പുന:സംഘടനക്ക് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, ആന്റോ ആന്റണി എം.പി, അടൂര്‍ പ്രകാശ് എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ. ശിവദാസന്‍ നായര്‍, പഴകുളം മധു, കെ.പി.സി.സി അംഗം പി. മോഹന്‍രാജ്, കെ.പി.സി.സി സെക്രട്ടറിമാരായ സതീഷ് കൊച്ചുപറമ്പില്‍, എന്‍. ഷൈലാജ്, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, കാട്ടൂര്‍ അബ്ദുള്‍ സലാം തുടങ്ങിയവര്‍ അവരവരുടെ ബൂത്തിലെ ബൂത്ത് ചുമത ഏറ്റെടുത്ത് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
മറ്റുള്ള ബൂത്തുകളില്‍ ബൂത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ജില്ലയിലെ മുഴുവന്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും ചുമതലക്കാരെ നിശ്ചയിച്ചാണ് ഇപ്രാവശ്യം ബൂത്ത് തെരഞ്ഞെടുപ്പ് നടത്തിയത്. പുതിയ ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് ഇത്തവണത്തെ ബൂത്ത് തെരഞ്ഞെടുപ്പില്‍ പങ്കാളിയാകുവാന്‍ അവസരം ലഭിച്ചു. ഒരു പ്രസിഡന്‍റും, മൂന്ന് വൈസ് പ്രസിഡന്‍റും, അഞ്ച് സെക്രട്ടറിമാരും, പത്ത് എക്സിക്യൂട്ടീവ് അംഗങ്ങളും ഉള്‍പ്പെടെ 20 അംഗ കമ്മിറ്റികളാണ് ഓരോ ബൂത്തിലും തെരഞ്ഞെടുക്കപ്പെട്ടത്.
ഭൂരിഭാഗം ബൂത്തുകളും ഇത്തരത്തിൽ പുന:സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ യോഗം കൂടാതെ പേപ്പറിൽ ഭാരവാഹികളുടെ പേരെഴുതി മേൽ കമ്മിറ്റികൾക്ക് നൽകിയതായും ആക്ഷേപം ഉണ്ട്. രണ്ട് മാസത്തിനു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ വിജയത്തിന് ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം മുഖ്യഘടകമായിരിക്കും. പത്തനംതിട്ട ജില്ലയിലെ ആയിരത്തോളം സ്ഥലങ്ങളിൽ പുനസംഘടന നടന്നെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്.