ന്യൂഡൽഹി : പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി എന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യ പ്രണീത് കൗർ എംപിയ്ക്ക് കോൺഗ്രസ് കാരണം കാണിക്കൽ നോട്ടിസ് നൽകി. നിരന്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഭർത്താവ് അമരീന്ദർ സിംഗ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രണീതിനെതിരേ കോൺഗ്രസ് നോട്ടീസ് നൽകിയത്.
എന്താണ് ഭാവി പരിപാടി എന്നത് വിശദീകരിക്കണമെന്നും നോട്ടീസിൽ പറയുന്നുണ്ട്. പഞ്ചാബ് കോൺഗ്രസ് ചുമതലയുള്ള ഹരീഷ് ചൗധരിയാണ് പ്രണീതിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി നിരന്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി എംഎൽഎമാരിൽ നിന്നും പട്യാലയിലെ നേതാക്കളിൽ നിന്നും മാധ്യമങ്ങളിൽ കൂടിയും അറിയാൻ സാധിച്ചു. ഭർത്താവ് അമരീന്ദർ സിംഗ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പുതുതായി രൂപീകരിച്ച പാർട്ടിയെക്കുറിച്ചുള്ള വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു. അമരീന്ദറിന്റെ പാർട്ടിയിൽ ചേരുന്നു എന്ന പ്രഖ്യാപനത്തെക്കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്നും നോട്ടീസിൽ പറയുന്നുണ്ട്.