കൊച്ചി: തൃക്കാക്കര നഗരസഭ ഭരണം നിലനിർത്താൻ ഊർജ്ജിത ശ്രമവുമായി കോൺഗ്രസ്. എൽഡിഎഫിനൊപ്പം ചേർന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ വിമതരിൽ ഒരാളെയെങ്കിലും തിരിച്ചെത്തിക്കാനാണ് ശ്രമം. നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസ് ഗ്രൂപ്പ് പോര് രൂക്ഷമായതിനിടയിൽ അപ്രതീക്ഷിതമായി സിപിഎം നടത്തിയ ചടുലമായ നീക്കമാണ് യുഡിഎഫിന് ഭരണം നഷ്ടമാവുന്ന സ്ഥിതിയിലെത്തിച്ചത്. യുഡിഎഫിനൊപ്പം നിന്ന് നാല് വിമതന്മാരെ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ പദവികൾ വാഗ്ദാനം ചെയ്താണ് ഇടത്പക്ഷം കൂടെക്കൂട്ടിയത്. ഈ വിമതന്മാരിൽ ഒരാളെയെങ്കിലും തിരിച്ചെത്തിച്ച് ഭരണം നിലനിർത്താനുള്ള തത്രപ്പാടിലാണ് കോൺഗ്രസ്.
പ്രതിസന്ധി ചർച്ച ചെയ്യാൻ കോൺഗ്രസ് ചൊവ്വാഴ്ച പാർലമെന്ററി പാർട്ടി യോഗം വിളിച്ചിട്ടുണ്ട്. ആദ്യ രണ്ടര വർഷം ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പനും അടുത്ത ടേം എ ഗ്രൂപ്പുകാരിയായ രാധാമണിക്കും ചെയർപേഴ്സൺ സ്ഥാനം നൽകാമെന്നായിരുന്നു കോൺഗ്രസിലെ ധാരണ. ഇത് പ്രകാരം തിങ്കളാഴ്ച രാജി വയ്ക്കണമെന്ന് അജിത തങ്കപ്പനോട് ഡിസിസി നിർദേശിക്കുകയും ചെയ്തിരുന്നു. നഗരസഭ ചെയർപേഴ്സൺ സ്ഥാനം വച്ചുമാറുന്നത് കൂടിയാലോചിക്കാത്തതാണ് യുഡിഎഫിന്റെ പാളയത്ത് നിന്നും മാറി എൽഡിഎഫിന് പിന്തുണ നൽകാൻ വിമത കൗൺസിലർമാരെ പ്രേരിപ്പിച്ചത്.