പന്തളം : മണ്ഡലം – മകരവിളക്ക് കാലം ആരംഭിച്ചിട്ടും പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിനോടുള്ള നഗരസഭയുടെയും ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും അവഗണനക്കെതിരെ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം ടൗണിൽ പ്രതിഷേധ ധർണ്ണ നടത്തി. ശബരിമല ക്ഷേത്രത്തിൻറെ മൂലസ്ഥാനമായ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാർക്ക് യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ബന്ധപ്പെട്ടവർ ഒരുക്കിയിട്ടില്ല. തീർത്ഥാടകർക്ക് ആവശ്യമായ ശൗചാലയം, വിരിവയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉള്ള അടിസ്ഥാന സൗകര്യങ്ങൾ, വാഹന പാർക്കിംഗ് മുതലായ യാതൊരു വിധമായ മുന്നൊരുക്കങ്ങളും ഇതുവരെ ആരംഭിച്ചിട്ടില്ല.
കോൺഗ്രസ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രതിഷേധ പ്രവർത്തനങ്ങളുടെ ഫലമായി നഗരസഭ അധികൃതരും ദേവസ്വം ബോർഡും വൃശ്ചികം ഒന്നാം തീയതി മുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തും എന്നാണ് അറിയിച്ചിട്ടുള്ളത്. ശബരിമലയുടെയും അയ്യപ്പഭക്തന്മാരുടെയും പേരിൽ നഗരസഭ ഭരണം കയ്യാളുന്ന നഗരസഭാ ഭരണസമിതി ഈ മണ്ഡലകാലങ്ങളിൽ യാതൊരുവിധ മുന്നൊരുക്കങ്ങളും വലിയകോയിക്കൽ ക്ഷേത്രത്തിൽ നടത്തിയിട്ടില്ല. പന്തളത്ത് എത്തുന്ന അയ്യപ്പഭക്തന്മാർ വലിയകോയിക്കൽ ക്ഷേത്രവും അതിനു പരിസരമുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് പതിവാണ്. എന്നാൽ വലിയ കോയിക്കൽ ക്ഷേത്രം മുതൽ മഹാദേവർ ക്ഷേത്രം വരെയുള്ള 3 കിലോമീറ്റർ നഗരസഭ റോഡ് തകർന്നടിഞ്ഞ് കാൽനടയാത്ര പോലും സാധ്യമാകാത്ത സ്ഥിതിയാണ്. തീർത്ഥാടകർക്ക് വേണ്ട ദിശാ ബോർഡുകൾ, പൊക്ക വിളക്കുകൾ, മറ്റു തെരുവു വിളക്കുകൾ ഇവയൊന്നും പന്തളം നഗരസഭ പ്രദേശങ്ങളിൽ തെളിയുന്നില്ല.
നഗരസഭയുടെയും ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും അനാസ്ഥയ്ക്കെതിരെ വരും ദിവസങ്ങളിലും സമര പരിപാടികളുമായി കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു. കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡൻറ് എസ് ഷെരീഫിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ ധർണ്ണ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ഇ എസ് നുജുമുദീൻ സ്വാഗതം ആശംസിച്ചു. ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡൻറ് എം ജി കണ്ണൻ, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ അഡ്വ.ഡി എൻ തൃദീപ്, ജി രഘുനാഥ്, ആർ ഉണ്ണികൃഷ്ണൻ, സക്കറിയ വർഗീസ്, എ നൗഷാദ് റാവുത്തർ, പന്തളം മഹേഷ്, കെ ആർ വിജയകുമാർ , രത്നമണി സുരേന്ദ്രൻ, സുനിത വേണു, പി എസ് വേണു കുമാരൻ നായർ, ജി അനിൽകുമാർ, വൈ റഹിം റാവുത്തർ, പന്തളം വാഹിദ്, പി കെ രാജൻ , കെ മോഹന്‍ കുമാർ, രാഹുൽരാജ്, ബൈജു മുകടിയിൽ, മുരളീധരൻ പിള്ള, മനോജ് കുരമ്പാല, വല്ലാറ്റൂർ വാസുദേവൻ നായർ, മാത്യൂസ് പൂളയിൽ, പി പി ജോൺ, നസീർ കടക്കാട്, സോളമൻ വരവ്കാലായിൽ, ഡെന്നീസ് ജോർജ്, ശാന്തി സുരേഷ്, എച്ച് ഹാരിസ്, അലക്സാണ്ടർ, കോശി കെ മാത്യു, ബിജു മങ്ങാരം, അനിത ഉദയൻ, വിനോദ് മുകടിയിൽ, ഡാനിയേൽ സൈമൺ, ഷെഫീഖ്, ബാബു മോഹൻദാസ്, സുധാ അച്യുതൻ എന്നിവർ സംസാരിച്ചു.