ന്യൂഡല്‍ഹി: കുഞ്ഞാലിക്കുട്ടിയെ പോലെ തങ്ങള്‍ക്കും കേരളത്തിലേക്ക് തിരിച്ചെത്തി നിയമസഭയില്‍ മത്സരിക്കാമെന്നായിരുന്നു പല കോണ്‍ഗ്രസ് എംപിമാരുടെയും ആഗ്രഹം. എന്നാല്‍, ഈ ആഗ്രഹം എളുപ്പത്തില്‍ നടക്കുന്ന മട്ടില്ല.
കേരളത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ രാജിവച്ച് മത്സരരംഗത്തിറങ്ങുന്നതിനോടു യോജിപ്പില്ലെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയതോടെ എംപിമാരുടെ മോഹങ്ങള്‍ പൊലിഞ്ഞു. ജയസാധ്യത കണക്കിലെടുത്ത് ഏതാനും എംപിമാരെ മത്സരിപ്പിക്കണമെന്ന ആവശ്യം നിലവില്‍ പരിഗണനയിലില്ല. കെപിസിസി നേതൃത്വവും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല, മുതിര്‍ന്ന നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പാണുള്ളത് താനും.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 52 സീറ്റ് മാത്രം നേടിയ കോണ്‍ഗ്രസിന് എംപിമാരെ തിരികെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അയയ്ക്കാനാവാത്ത സ്ഥിതിയാണെന്നു ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും പാര്‍ട്ടി സമാന നിലപാട് സ്വീകരിക്കും. ഏതെങ്കിലും മണ്ഡലത്തില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാവാത്ത സാഹചര്യത്തില്‍, സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടാല്‍ മാത്രം എംപിമാരെ മത്സരിപ്പിക്കുന്ന കാര്യം പിന്നീട് പരിഗണിക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന സന്ദേശം സംസ്ഥാന ഘടകങ്ങള്‍ക്കു നല്‍കും.
ഒരാള്‍ക്ക് ഇളവ് നല്‍കിയാല്‍ സമാന ആവശ്യവുമായി കൂടുതല്‍ പേര്‍ രംഗത്തുവരുമെന്നാണു വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസി നേതൃത്വവുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയും ഇക്കാര്യം വ്യക്തമാക്കും. തങ്ങളുടെ മണ്ഡലത്തിലുള്‍പ്പെട്ട ഓരോ നിയമസഭാ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയാക്കാവുന്ന രണ്ട് പേരുകള്‍ വീതം നല്‍കാന്‍ എംപിമാരോട് ആവശ്യപ്പെടും. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ മാറ്റിവച്ച് ജയസാധ്യതയ്ക്കു മുന്‍തൂക്കം നല്‍കണമെന്ന നിര്‍ദ്ദേശവും നല്‍കും. കെപിസിസി നേതൃത്വം നല്‍കുന്ന സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കൊപ്പം എംപിമാര്‍ കൈമാറുന്ന പേരുകളും ഹൈക്കമാന്‍ഡ് പരിശോധിക്കും.
മൂന്നരവര്‍ഷത്തോളം എംപിയായിട്ടും പദവിയില്‍ സമ്പൂര്‍ണ പരാജയമെന്ന് തെളിയിച്ചാണ് കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് മടങ്ങിയെത്തിയത്. ഏറ്റവും കൂടുതല്‍ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയ രാഷ്ട്രീയ നേതാവ് എന്ന പരിഹാസം സ്വന്തം അണികള്‍ പോലും ഉയര്‍ത്തുമ്ബോള്‍ അത് നേരിടാനാകാതെ മുസ്ലിംലീഗ് നേതൃത്വം വിയര്‍ക്കുന്നന്ന അവസ്ഥുമാണ്. ഈ പ്രശ്‌നം തന്നെയാണ് കോണ്‍ഗ്രസും മുന്നില്‍ കാണുന്നത്.
എംഎല്‍എ സ്ഥാനം രാജിവച്ചാണ് 2017-ഏപ്രിലില്‍ മലപ്പുറത്തുനിന്ന് ലോക്സഭയിലേക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ചത്. അന്ന് വേങ്ങരയില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് കാരണക്കാരനായി. ഇന്ന് മലപ്പുറത്ത് വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിന് കുഞ്ഞാലിക്കുട്ടി കളമൊരുക്കുന്നു. പൊതുഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കി, ഒരു നേതാവിന്റെ അധികാരമോഹത്തിനായി സമുദായത്തെയും പൊതുസമൂഹത്തെയും നിരന്തരം വഞ്ചിക്കുന്ന ഈ നിലപാടിനെക്കുറിച്ച് ലീഗ് മാത്രമല്ല കോണ്‍ഗ്രസ് നേതൃത്വവും മറുപടി പറയേണ്ടതുണ്ട്.
ലോക്സഭയില്‍ നിന്നും രാജിവയ്ക്കാനുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണുനട്ടിരിക്കുന്ന കോണ്‍ഗ്രസ് എംപിമാര്‍ക്ക് ആവേശമായിരുന്നു. അര ഡസനോളം എംപിമാര്‍ നിയമസഭാ മോഹവുമായി കോണ്‍ഗ്രസിലുണ്ട്. കെ സുധാകരനും കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും അത് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. അടൂര്‍ പ്രകാശിനും ഹൈബി ഈഡനുമെല്ലാം ഡല്‍ഹിവാസം മടുത്തു. നിയമസഭയാണ് തനിക്ക് ചേര്‍ച്ചയെന്ന തോന്നല്‍ ടി എന്‍ പ്രതാപനുമുണ്ട്. ഇവരുടെയൊക്കെ സ്ഥാനാര്‍ത്ഥിത്വ സാധ്യതക്ക് ആശപകരുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി.
എന്നാല്‍, അടൂര്‍ പ്രകാശ് കോന്നിയില്‍ താനുണ്ടെങ്കിലേ വിജയിക്കുകയുള്ളൂ എന്ന നിലുപാടിലായിരുന്നു. അതുകൊണ്ട് തന്നെ നിയമസഭയില്‍ മത്സരിക്കാമെന്നും അദ്ദേഹം കണക്കുകൂട്ടുകയുണ്ടായി. ഇതിന് വേണ്ടിയുള്ള പരിശ്രമവും നടത്തി. ഇതിനിടെയാണ് ഹൈക്കമാന്‍ഡ് തീരുമാനം വന്നിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസ് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിന് എതിരായ നിലപാടിലാണ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചിലര്‍ക്ക് അവസരം നല്‍കാമെന്ന പക്ഷക്കാരാണ്. സുധാകരനോടാണ് ചെന്നിത്തലക്ക് താല്‍പ്പര്യം. ഉമ്മന്‍ ചാണ്ടിയാകട്ടെ മുരളീധരന്‍ വരുന്നതിന് അനുകൂലവും. എന്നാല്‍ ഹൈക്കമാന്‍ഡ് നോ പറഞ്ഞതോടെ ഇനി ആ മോഹം നടക്കാത്ത അവസ്ഥയിലാണ്.