ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് കേന്ദ്രം ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് കോൺഗ്രസ്. എം.പി മുഹമ്മദ് ജാവേദാണ് സുപ്രിംകോടതിയില്‍ ഹർജി നൽകിയത്. ബിൽ മുസ്‌ലിം സമുദായത്തോടുള്ള വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ബിൽ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. വഖഫ് സംയുക്ത പാർലമെന്ററി കമ്മിറ്റിയിൽ അംഗമായിരുന്നു ജാവേദ്. ബില്ലിനെതിരെ കോൺഗ്രസ് സുപ്രിംകോടതിയെ സമീപിക്കുമെന്ന് നേരത്തെ ജനറൽ സെക്രട്ടറി ജയറാം രമേശ് എംപി അറിയിച്ചിരുന്നു.
വഖഫ് ഭേദഗതി ബിൽ ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് പ്രതികരിച്ചു. ‘അവർക്ക് 400 സീറ്റ് ഉണ്ടായിരുന്നെങ്കിൽ ഭരണഘടനയെ പോലും മാറ്റിയേനെ. ഇപ്പോൾ അവർ ക്രമേണ അതിൽ മാറ്റങ്ങൾ വരുത്തുകയാണ്. ബില്ലിനെതിരെ ഞങ്ങൾ സുപ്രിംകോടതിയെ സമീപിക്കുകയാണ്’ എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പോരാട്ടം മുസ്‌ലിംകളുടെ മാത്രം കാര്യമല്ലെന്നും എല്ലാ പൗരന്മാർക്കും വേണ്ടി ഭരണഘടനയെ സംരക്ഷിക്കുന്നതിനാണെന്നും മസൂദ് പറഞ്ഞു. വഖഫ് ഭേദഗതി ബിൽ മുസ്‌ലിംകളെ അരികുവത്കരിക്കാനുള്ള ആയുധമാണെന്നും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവർന്നെടുക്കുകയാണ് ലക്ഷ്യമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം എക്സിലൂടെ പ്രതികരിച്ചിരുന്നു.