ആലപ്പുഴ : നിയമസഭ തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് പിടിച്ചുനില്ക്കാന് വഴിതേടുന്നതിനിടെ പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടി അധ്യക്ഷപദവും ലക്ഷ്യമിട്ട് പാര്‍ട്ടിയില്‍ കരുനീക്കം തകൃതി. വി.ഡി. സതീശനും കെ. സുധാകരനുമാണ് ചരടുവലിയില്‍ മുന്നില്‍. പ്രതിപക്ഷ നേതാവായി സതീശന് വരണമെന്ന ഇ-മെയില്‍ പ്രവഹിക്കുകയാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും. കെ.പി.സി.സി പ്രസിഡന്റ് മാറുമെന്ന് ഏറക്കുറെ ഉറപ്പാണെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇനിയും മനസ്സ് തുറക്കാതിരിക്കെയാണ് സ്വന്തം ഗ്രൂപ്പുകാരനായ സതീശനും രമേശിനോട് അടുപ്പമുള്ള സുധാകരനും രംഗത്തുള്ളത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ തിളങ്ങിയെന്ന പൊതുഅഭിപ്രായമാണ് ചെന്നിത്തലയുടെ പ്ലസ്.
ക്ലീന്‍ ഇമേജും പൊതുസ്വീകാര്യതയുമാണ് സതീശനുവേണ്ടി കരുനീക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. സുധാകരന് കെ.പി.സി.സി അധ്യക്ഷപദവിയിലെത്തിയാല് പാര്‍ട്ടിയില്‍ ചലനമുണ്ടാക്കാന്‍ കഴിയുമെന്ന് ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് അദ്ദേഹത്തിന് വേണ്ടി ചരടുവലിക്കുന്നവര്‍ ശ്രമിക്കുന്നത്. നേതൃമാറ്റത്തിന് തിരക്കില്ലെന്നാണ് സുധാകരന്റെ പ്രതികരണമെങ്കിലും പലരുമായും ബന്ധപ്പെടുന്നുണ്ട് അദ്ദേഹം. പ്രതിപക്ഷ നേതാവ്-കെ.പി.സി.സി പ്രസിഡന്റ് പദവിയില്‍ നിലവിലെ സാമുദായിക സമവാക്യം സൂക്ഷിക്കാന്‍ ഇരുവരും നേതൃത്വത്തിലെത്തുന്നതോടെ സാധ്യമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. മറ്റൊരു സമുദായത്തില്‍നിന്ന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ആളെ കണ്ടെത്തുന്നതോടെ എല്ലാവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കാമെന്നുമാണ് സതീശനും സുധാകരനുമായി ശ്രമിക്കുന്നവരുടെ പക്ഷം.
എന്നാല്‍ നിലവിലെ സ്ഥിതി ഫലപ്രദമല്ലെന്നും ആന്റണിയുടെയും കരുണാകരന്റെയും കാലത്തെന്നപോലെ ന്യൂനപക്ഷ സമുദായത്തില്‍നിന്ന് ഒരാളും ഭൂരിപക്ഷ സമുദായത്തില്‍നിന്ന് ഒരാളുമാകണം തലപ്പത്തെന്നുമാണ് മറ്റൊരു മുഖ്യവാദം. വിജയിച്ചുവന്ന എം.എല്‍.എമാരില്‍ 12 പേര് ഐ വിഭാഗക്കാരും എട്ടുപേര്‍ എ വിഭാഗക്കാരുമാണ്. പി.ടി. തോമസ് ആരോടും ഒട്ടാതെയും നില്ക്കുന്നു. ഗ്രൂപ്പ് ബലാബലം നോക്കാതെ പുതിയ നേതൃത്വത്തെ തീരുമാനിക്കണമെന്ന ആവശ്യമാണ് സതീശന് അനുകൂലികള്‍ മുന്നോട്ടുവെക്കുന്നത്. ഈ വിഭാഗത്തിന് എറണാകുളത്തെ ഒരു പി.ആര് ഏജന്‍സി പ്രവര്‍ത്തിക്കുന്നതായാണ് വിവരം.
ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഇനി പുനഃസംഘടന ഉണ്ടാവില്ലെന്ന കണക്കുകൂട്ടലില്‍ തൃക്കാക്കര എം.എല്‍.എ പി.ടി. തോമസിന്റെ പേര് ചിലര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ഇതിന് രംഗത്തിറങ്ങില്ലെന്നും പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കെ ഗ്രൂപ്പുയോഗങ്ങളിലേക്ക് ഇല്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാടെന്നാണ് സൂചന. എന്നാല്‍ ദേശീയ നേതൃത്വം തോമസിന്റെതടക്കം പേരുകള്‍ കണക്കിലെടുക്കുമെന്നാണ് അറിയുന്നത്.