തിരുവനന്തപുരം : കോൺഗ്രസ് പുന:സംഘടന നിർത്തിവയ്ക്കില്ലെങ്കിലും വിശ്വാസത്തിലെടുക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം വിജയമായി കണ്ട് ഗ്രൂപ്പുകൾ. തർക്ക വിഷയങ്ങളിൽ നേതൃത്വത്തിന് അനുകൂലമായി എഐസിസി ജനറൽസെക്രട്ടറി താരീഖ് അൻവർ വാർത്താസമ്മേളനം നടത്തിയതിൽ ഗ്രൂപ്പുകൾക്ക് കടുത്ത അതൃപ്തി. അതേസമയം സംഘടനാ തിരഞ്ഞെടുപ്പ് അർഹിക്കുന്ന കൈകളിലേക്ക് പാർട്ടിയെ എത്തിക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു.
സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പുന:സംഘടന നിർത്തിവയ്ക്കണമെന്ന ആവശ്യം തള്ളിയെങ്കിലും ഉമ്മൻചാണ്ടി – സോണിയഗാന്ധി കൂടിക്കാഴ്ച വിജയമായി ഉയർത്തി കാണിക്കുകയാണ് എ – ഐ ഗ്രൂപ്പുകൾ. പുന:സംഘടനയിൽ ഉൾപ്പെടെ മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകണമെന്നാണ് നേതൃത്വത്തിന് ഹൈക്കമാൻഡിന്റെ നിർദേശം. ഇതിന് വേണ്ടിയാണ് ഇക്കണ്ട സമ്മർദ്ദമെല്ലാം ചെലുത്തിയതെന്നാണ് ഗ്രൂപ്പുകളുടെ ഇപ്പോഴത്തെ അവകാശവാദം.
പുന:സംഘടന നിർത്തിവയ്ക്കണമെന്നത് യഥാർത്ഥ അജൻഡയിലുണ്ടായിരുന്നില്ലെന്ന് ഗ്രൂപ്പ് നേതാക്കൾ തന്നെ സമ്മതിക്കുകയാണ്. പുന:സംഘടന ഏകപക്ഷീയമാകരുതെന്ന പരാതിയാണ് ഉണ്ടായിരുന്നതെന്നും ഗ്രൂപ്പുകൾ വിശദീകരിക്കുന്നു. ഇന്ധനവില വർധനവിനെതിരായ സമരത്തിൽ പങ്കെടുക്കാൻ എത്തിയ താരീഖ് അൻവർ, തർക്കമുള്ള സംഘടനാ കാര്യങ്ങളിൽ നേതൃത്വത്തിനൊപ്പം നിന്ന് വാർത്താസമ്മേളനം നടത്തിയതിൽ ഗ്രൂപ്പുകൾക്ക് കടുത്ത അതൃപ്തിയുണ്ട്.
രാഷ്ട്രീയ കാര്യസമിതിക്ക് ഉപദേശക സമിതിയുടെ റോൾ മാത്രമാണെന്ന കെപിസിസി നേതൃത്വത്തിന്റെ നിലപാട് താരീഖ് ആവർത്തിച്ചത് ഇക്കാര്യങ്ങളിൽ വേണ്ടത്ര ധാരണയില്ലാത്തത് മൂലമാണെന്ന് ഗ്രൂപ്പ് നേതാക്കൾ പറയുന്നു. കെപിസിസി ഭാരവാഹികളുടെ എണ്ണം 56 ആയി ചുരുക്കാനുള്ളത് ഉൾപ്പെടെ നയപരമായ തീരുമാനങ്ങൾ കൈക്കൊണ്ടത് രാഷ്ട്രീയകാര്യസമിതിയാണെന്നും മുതിർന്ന നേതാക്കൾ ഓർമിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് വ്യക്തത വരുത്തണമെന്ന നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ് ഗ്രൂപ്പുകൾ.