തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെക്കണമെന്ന് മുറവിളി ഉയര്‍ന്നുകഴിഞ്ഞു. രാജി സന്നദ്ധത ഹൈക്കമാന്റിനെ അറിയിച്ച് കാത്തിരിക്കുകയാണെന്ന് മുല്ലപ്പള്ളി പറയുന്നുണ്ടെങ്കിലും കേരളത്തിലെ നാണംകെട്ട തോല്‍വിയില്‍ രാഹുല്‍ഗാന്ധി അടക്കം എല്ലാവരും ക്ഷുഭിതരാണ് എന്നാണ് വിവരം. ഇതിനിടെ ഹൈക്കമാന്റ് മുല്ലപ്പള്ളിയുടെ രാജി ആവശ്യപ്പെട്ടെന്നും വിവരമുണ്ട്. തോൽവിയെ തുടർന്ന് അസം പിസിസി പ്രസിഡന്റ് ഇതിനകം രാജി വെച്ചു കഴിഞ്ഞു. എന്നാല്‍ മുല്ലപ്പള്ളി ഇപ്പോഴും കസേരയില്‍ കടിച്ചുതൂങ്ങി കിടക്കുകയാണെന്നാണ് പ്രവര്‍ത്തകര്‍ രോഷത്തോടെ പറയുന്നത്. മുല്ലപ്പള്ളിയെ പുറത്താക്കിയില്ലെങ്കില്‍ തങ്ങള്‍ പുറത്തുപോകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തല മാറേണ്ട സാഹചര്യം ഇല്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി. സ്ഥാനം ഒഴിഞ്ഞേക്കും എന്ന് ചെന്നിത്തല സൂചിപ്പിച്ചതോടെ ആണ് ഗ്രൂപ്പ് എതിർപ്പ് ഉയർത്തുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചെന്നിത്തല നടത്തിയത് മികച്ച പ്രവർത്തനം ആണെന്നും അതിനു പാർട്ടി പിന്തുണ വേണ്ടത്ര കിട്ടിയില്ല എന്നുമാണ് ഗ്രൂപ്പിന്റെ പരാതി. ചെന്നിത്തല തുടരുന്നതിലും ഹൈക്കമാൻഡ് അന്തിമ നിലപാട് എടുക്കും.
മേൽത്തട്ടിലെ ആവേശത്തിനപ്പുറം സംഘടനാസംവിധാനം തകർന്നടിഞ്ഞതിന്റെ ചോദ്യങ്ങളാണ് മുല്ലപ്പള്ളിക്ക് നേരെ ഉയരുന്നത്. മുല്ലപ്പള്ളിയെ മാറ്റി കെ സുധാകരനെയോ, കെ മുരളീധരനെയോ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ചെന്നിത്തല മാറിയാൽ പിന്നെ സാധ്യത വി ഡി സതീശനും തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ്.