പത്തനംതിട്ട : കൊടകര കുഴല്‍പ്പണ ഇടപാടില്‍ ബി ജെ പിയിലെ സംസ്ഥാന നേതാക്കളെ അടക്കം പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെ കെ സുരേന്ദ്രനെതിരെ ഗുരുതരമായ ആരോപണവുമായി പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.വിആര്‍ സോജി. കെ.സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ നിന്നും കാറിലേക്ക് മാറ്റിയ പെട്ടിയില്‍ എന്തായിരുന്നു എന്നാണ് സോജിയുടെ ചോദ്യം. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതിനെ തുടര്‍ന്നാണ് കെ സുരേന്ദ്രന് പാര്‍ട്ടി ഹെലികോപ്ടര്‍ അനുവദിച്ചത്. പത്തനംതിട്ടയില്‍ കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിലും പെരുനാട് മാമ്പാട് സ്വകാര്യ വ്യക്തിയുടെ ഹെലിപാടിലുമാണ് സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ വന്നിറങ്ങിയത്.
ഈ രണ്ട് സ്ഥലങ്ങളില്‍ നിന്നും സഹായികള്‍ ബാഗ് കാറുകളിലേക്ക് മാറ്റിയിരുന്നു എന്നാണ് ആരോപണം. പോലീസ് ഈ ബാഗുകള്‍ പരിശോധിക്കാന്‍ തയ്യാറായില്ല എന്നും ആക്ഷേപം ഉണ്ട്. കൊടകര കുഴപ്പണ കേസില്‍ സുരേന്ദ്രനെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് വിളിക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പെട്ടികള്‍ സംബന്ധിച്ച് പുതിയ ആരോപണം ഉയരുന്നത്.