തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യബില്ലിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നും വിമര്‍ശനം കടുക്കുന്നു. തലസ്ഥാനമാറ്റത്തെ കുറിച്ച് ഹൈബി ഈഡന്‍ എം.പിയുടെ അഭിപ്രായം അപക്വമെന്ന് തിരുവനന്തപുരം ഡി സി സി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പാലോട് രവി പറഞ്ഞു. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് പാലോട് രവി ഹൈബി ഈഡനെതിരെ രംഗത്ത് വന്നത്. എംപിയുടെ നിര്‍ദ്ദേശം തികച്ചും അപ്രായോഗികമാണെന്നും പാലോട് രവി കുറ്റപ്പെടുത്തി. ഹൈബിയുടെ നിര്‍ദ്ദേശത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെഎസ് ശബരീനാഥനും തള്ളിപ്പറഞ്ഞു.
ഹൈബിയുടെ സ്വകാര്യബില്ലിനെ വിമര്‍ശിച്ച് ആര്‍എസ്പിയും രംഗത്തെത്തി. ഇത്തരം ചര്‍ച്ച തന്നെ ഗുണകരമല്ലെന്ന് പ്രേമചന്ദ്രന്‍ എംപി വിമര്‍ശിച്ചു. ഒരു ചെറുപ്പക്കാരന്റെ തോന്നല്‍ മാത്രമാണെന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്യുന്നതാണ് മര്യാദയെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. അതേസമയം ഹൈബി ഈഡന്റെ ആവശ്യം തള്ളി സര്‍ക്കാര്‍ തള്ളി. തലസ്ഥാനം തിരുവനന്തപുരം തന്നെയായി തുടരുമെന്നും ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡന്‍ ഈ ആവശ്യം ഉന്നയിച്ചത്.