പത്തനംതിട്ട : കോന്നി പാറമടയിൽ ഉണ്ടായ ദുരന്തത്തിന് ഉത്തരവാദികൾ സർക്കാരും ബന്ധപ്പെട്ട ഡിപ്പാർട്മെന്റുകളും ആണെന്നും അവർക്കും ക്വാറി ഉടമയ്ക്കുംഎതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ആവശ്യപ്പെട്ടു. ഭരണ നേതൃത്വത്തിനും ഇതിൽ പങ്കുണ്ട്. ജില്ലയിലെ-രാഷ്ട്രീയ ഭരണ നേതൃത്വമാണ് നിയമ ലംഘനത്തിന് ഒത്താശ ചെയ്തു കൊടുക്കുന്നത്. ജിയോളജി, റെവന്യു, മാലിനീകരണ നിയന്ത്രണ ബോർഡ്, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവയെല്ലാം ക്വാറിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ടു. എല്ലാ നിയമങ്ങളും ലംഘിച്ചു ക്വാറി പ്രവർത്തിക്കാൻ അനുമതി നൽകിയത് ഈ ഉദ്യോഗസ്ഥരാണ്. അപകടം ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് നടത്തിയ നിയമലംഘനമാണ്. നിയമം ലംഘിച്ച ക്വാറി ഉടമയും അതിന് കണ്ണടച്ച് കൊടുത്തവരും കൊലക്കേസിൽ പ്രതികളാകണം. മനഃപൂർവം അല്ലാത്ത നരഹത്യ വകുപ്പ് ചേർത്ത് കേസ് എടുത്തത് അന്യായമാണ്. സെക്ഷൻ 302 പ്രകാരം കേസ് എടുക്കണം.
ഈ അപകടം ഉണ്ടായ സാഹചര്യത്തിൽ കോന്നി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എല്ലാ പാറമടകളുടെയും അനുമതി റദ്ധാക്കണം. അവിടങ്ങളിലെല്ലാം സുതാര്യമായ സുരക്ഷാ പരിശോധന നടത്തണം. പാറ ഉടമയെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന നിലപാടാണ് കോന്നി എം എൽ എ യും സിപിഎം നേതൃത്വവും സ്വീകരിച്ചിട്ടുള്ളത്. അവരുടെ സംരക്ഷണയിലാണ് ഈ നിയമലംഘാനങ്ങളെല്ലാം കോന്നിയിൽ നടക്കുന്നതെന്നും പ്രദേശവാസികൾക്കൊപ്പം സ്ഥലം സന്ദർശിച്ച ശേഷം പഴകുളം മധു പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ്, സേവാദൾ ജില്ലാ ചെയർമാൻ ശ്യാം എസ് കോന്നി, സംസ്കാര സാഹിറങ്ജി ജില്ലാ ചെയർമാൻ ബിജു കൂടൽ, മോൻസി പയ്യനാമൺ, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ക്രിസ്റ്റോ വർഗീസ് മാത്യു, ജസ്റ്റിൻ തരകൻ, തുടങ്ങിയ നേതാക്കൾ സംഘത്തിൽ ഉണ്ടായിരുന്നു.