തിരുവനന്തപുരം : വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ഇനി കൂട്ടലിന്റെയും കിഴിക്കലിന്റെയും നാളുകള്‍. വിജയവും തരംഗവുമൊക്കെ എല്ലാവരും അവകാശപ്പെടുന്നുണ്ടെങ്കിലും ജനവികാരം എങ്ങനെയാകുമെന്ന ആശങ്കയിലാണ് മുന്നണികള്‍. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തിനോടടുത്താണ് ഇത്തവണയും. നഗര, ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും മികച്ച പോളിങ് നടന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് മുന്നണികളെല്ലാം. ജില്ലകളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ക്ക് ശേഷമായിരിക്കും അന്തിമ കണക്കുകൂട്ടലുകളിലേക്ക് പാര്‍ട്ടികള്‍ കടക്കുക.
പോളിങ് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാനാവില്ലെന്നാണ് പ്രമുഖപാര്ട്ടികളുടെയെല്ലാം നിലപാടെങ്കിലും വര്‍ധിച്ച ശതമാനം തങ്ങള്‍ക്ക് ഗുണകരമാകുമെന്ന പരസ്യ അവകാശവാദത്തിലാണ് അവരെല്ലാം. പോളിങ് ശതമാനം അടിസ്ഥാനമാക്കി ആര്‍ക്കെങ്കിലും മുന്‍തൂക്കം ഉറപ്പിക്കാനാകാത്ത സ്ഥിതിയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. 2011നെ അപേക്ഷിച്ച് പോളിങ് ശതമാനം ഉയര്‍ന്ന 2016ല്‍ ഇടതുമുന്നണി വന്‍ വിജയമാണ് നേടിയത്. അതേസമയം 2016 നെ അപേക്ഷിച്ച് പോളിങ് ശതമാനം കുറഞ്ഞ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ആയിരുന്നു സമഗ്രാധിപത്യം.
അതേസമയം വോട്ടെടുപ്പ് ദിവസം ശബരിമല വിഷയം വീണ്ടും സജീവമായത് ഗുണകരമാകുമെന്ന വികാരമാണ് യു.ഡി.എഫ് നേതൃത്വം പ്രകടിപ്പിക്കുന്നത്. യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന ഉറച്ച അഭിപ്രായമാണ് എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ക്ക്. 80-85 സീറ്റുകള്‍വരെ ലഭിക്കാമെന്ന ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിക്കുന്നു. സര്‍ക്കാരിനെതിരെ പരസ്യനിലപാടുമായി എന്‍.എസ്.എസ് രംഗത്തുവന്നത് വോട്ടിലും പ്രതിഫലിക്കുമെന്ന് അവര്‍ വിലയിരുത്തുന്നു. സര്‍ക്കാരിനെതിരെ കടുത്തനിലപാട് സ്വീകരിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നടത്തിയ പ്രതികരണം വോട്ടെടുപ്പ് ദിനത്തിലെ ചര്‍ച്ചകളുടെ അജണ്ട നിര്‍ണയിക്കുന്നതായി. അതിനോടുള്ള മുഖ്യമന്ത്രിയുടെ അസാധാരണമായ പ്രതികരണം ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു.
അതോടെ വോട്ടെടുപ്പ് ദിവസവും ശബരിമലവിഷയം സജീവമാക്കാന്‍ യു.ഡി.എഫിന് അവസരം കിട്ടി. ആഴക്കടല്‍ കരാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശമേഖലയിലെ കനത്ത പോളിങ്ങും ഗുണം ചെയ്യുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. പുതുമുഖങ്ങളെ സ്ഥാനാര്‍ഥികളായി രംഗത്തിറക്കിയതും അതിര്‍ത്തി കടന്നുള്ള ഇരട്ടവോട്ട് നീക്കം തടയാനായതും ഇരട്ട വോട്ടിലെ ജാഗ്രതയും തെരഞ്ഞെടുപ്പില്‍ നേട്ടമാകുന്ന ഘടകങ്ങളായി അവര്‍ കാണുന്നു.