കോഴിക്കോട് : കോടഞ്ചേരിയില്‍ പ്രണയിച്ച് വിവാഹം ചെയ്ത ജ്യോല്‍സന ജോസഫിന്‍റെ വീട് കോണ്‍ഗ്രസ് സംഘം ഇന്ന് സന്ദര്‍ശിച്ചേയ്ക്കും. കഴിഞ്ഞ ദിവസം വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിയിരുന്നു. പ്രദേശത്ത് സിപിഐഎം വര്‍ഗീയ വിഭാഗീയത സൃഷ്ടിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നിലപാട്.
മിശ്ര വിവാഹത്തില്‍ ജോയ്‌സനയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മകളെ ചതിച്ചുവെന്നാണ് പിതാവ് ജോസഫ് ആരോപിക്കുന്നത്. വിഷയത്തിൽ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല. എന്‍ഐഎ പോലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സി കേസ് അന്വേഷിക്കണം. നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസങ്ങള്‍ക്ക് മുമ്പാണ് ജോയ്‌സനയും ഷെജിനും വിവാഹിതരായത്. മുസ്ലിം സമുദായ അംഗമായ ഷെജിനൊപ്പം ജോയ്‌സന പോയത് ഒരു സമുദായത്തെ മൊത്തം വേദനിപ്പിച്ചെന്ന് സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസ് പറഞ്ഞതോടെയാണ് കാര്യങ്ങള്‍ വഷളായത്. ഇരുസമുദായങ്ങള്‍ തമ്മിലുള്ള വിവാദമായി പിന്നീട് ഈ വിവാഹം ചിത്രീകരിക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷെജിന്റെ വിവാഹം സിപിഐഎമ്മിനെയും പ്രതിരോധത്തിലാക്കി. ജോര്‍ജ് എം തോമസിന്റെ പ്രതികരണം കൂടുതല്‍ വൈകാരികമായ തലത്തിലേക്ക് സംഭവം എത്തിച്ചു. ഇതോടെ ജോര്‍ജ് നിലപാട് മയപ്പെടുത്തി. തനിക്ക് തെറ്റുപറ്റിയെന്നും സംഭവത്തില്‍ ലൗ ജിഹാദില്ലെന്നും പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും അദ്ദേഹം വിശദീകരിച്ചു. മാസങ്ങളായി തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും വിവാഹിതരാകാന്‍ തീരുമാനിച്ചത് പരസ്പര സമ്മതത്തോടെയാണെന്നും ഷിജിനും ജോയ്‌സനും വ്യക്തമാക്കിയിരുന്നു.