ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് കേന്ദ്ര നേത്രുത്വത്തിന് നല്‍കിയ കത്തിനെച്ചൊല്ലി പ്രശ്‌നം ഉടലെടുക്കുന്നു. പാര്‍ട്ടി ഒറ്റക്കെട്ടായി നീങ്ങുമ്പോള്‍ കത്ത് അനാവശ്യമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കത്ത് അവസരോചിതമല്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും പറഞ്ഞു. നാളത്തെ പ്രവര്‍ത്തക സമിതിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പങ്കെടുക്കും. രാഹുല്‍ വീണ്ടും അധ്യക്ഷനാകണമെന്ന് അസം, മഹാരാഷ്ട്ര പി.സി.സി അധ്യക്ഷന്‍മാര്‍ ആവശ്യപ്പെട്ടു.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. നാളെ ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ ഇക്കാര്യം സോണിയ പ്രഖ്യാപിക്കും. കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് 23 മുതിര്‍ന്ന നേതാക്കള്‍ കത്തു നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സോണിയ നിലപാട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.
പ്രവര്‍ത്തക സമിതിയില്‍ നേതാക്കള്‍ ഒന്നിച്ചിരുന്ന് പുതിയ നേതാവിനെ തെരഞ്ഞെടുക്കണമെന്ന സന്ദേശമാണ് സോണിയാ ഗാന്ധി അടുത്ത അനുയായികള്‍ വഴി പങ്കുവച്ചിട്ടുള്ളതെന്നാണ് സൂചന. മുഴുവന്‍ സമയ അധ്യക്ഷനെ ഉടന്‍ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മുകുള്‍ വാസ്‌നിക്, ശശി തരൂര്‍ തുടങ്ങി 23 സുപ്രധാന നേതാക്കള്‍ നല്‍കിയ കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് സോണിയയും നിലപാട് കടുപ്പിച്ചത്.
നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി കഴിഞ്ഞവര്‍ഷം ഇടക്കാല അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത സോണിയ തന്റെ തീരുമാനം നാളെ പ്രവര്‍ത്തക സമിതിയെ അറിയിക്കാനാണ് സാധ്യത. അതേസമയം പുതിയ അധ്യക്ഷന്‍ വരുന്നത് വരെ സോണിയ തുടരണമെന്ന് നേതാക്കള്‍ യോഗത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കുമെന്ന് മുതിര്‍ന്ന നേതാവ് അശ്വിനി കുമാര്‍ പറഞ്ഞു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, അധ്യക്ഷ പദവി രാഹുല്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചു.