അഹമ്മദാബാദ് : കോണ്‍ഗ്രസ് ദേശീയ സമ്മേളനം ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇന്ന് നടക്കും. ആറു പതിറ്റാണ്ടിനു ശേഷമാണ് ഗുജറാത്തില്‍ എഐസിസി സെഷന്‍ നടക്കുന്നത്. സമ്മേളനത്തില്‍ രണ്ടു പ്രമേയങ്ങള്‍ അവതരിപ്പിക്കും. ദേശീയ അന്തര്‍ദേശീയ വിഷയങ്ങളില്‍ വിശദമായ പ്രമേയം അവതരിപ്പിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ആക്ഷന്‍ കമ്മറ്റി തയാറാക്കിയ പ്രമേയമാണ് വര്‍ക്കിംഗ് കമ്മറ്റിയില്‍ അവതരിപ്പിച്ചത്. ആ പ്രമേയത്തില്‍ അന്തര്‍ദേശീയ വിഷയങ്ങള്‍, ദേശീയ വിഷയങ്ങള്‍, സംഘടനാപരമായ വിഷയങ്ങള്‍ ഉള്‍പ്പടെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ, പലസ്തീന്‍ വിഷയം, മണിപ്പൂര്‍ സംഘര്‍ഷം, വഖഫ് ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം, എസ് സി എസ് ടി വിഭാഗത്തിന് നേരെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുണ്ടായ അതിക്രമങ്ങള്‍, ജാതി സെന്‍സസ് തുടങ്ങിയ കാര്യങ്ങളാണ് പ്രമേയത്തില്‍ ഉള്‍പ്പെടുത്തുകയും ചര്‍ച്ചയ്ക്ക് വരികയും ചെയ്യുക – കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പ്രത്യേകം പ്രമേയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധിക്ക് പ്രത്യേക ചുമതല നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ചയൊന്നും നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സബര്‍മതി നദിക്കരയില്‍ നടക്കുന്ന എഐസിസി സമ്മേളനത്തിലേക്ക് രണ്ടായിരത്തിലേറെ പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ജില്ലാ കമ്മിറ്റികളെ ശാക്തീകരിക്കേണ്ട ആവശ്യകതയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തിരുന്നു. തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെ വിപുലമായ സംഘടനാ പുനസംഘടനയും ഈ വര്‍ഷം ഉണ്ടാകും.