പത്തനംതിട്ട : പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ നാളെ കോൺഗ്രസ്സ് പ്രതിഷേധ ധർണ നടത്തുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. ഉത്തർപ്രദേശിലെ ലഖിംപൂരിൽ കേന്ദ്ര മന്ത്രിയുടെ മകൻ വാഹനമിടിച്ച് കൊലപ്പെടുത്തിയ കർഷകരുടെ ബന്ധുക്കളെ സന്ദർശിക്കുവാൻ എത്തിച്ചേർന്ന എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത യു.പി പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് കെപിസിസി ആഹ്വാനമനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാളെ രാവിലെ 10.30 ന് ധർണ്ണ നടക്കുന്നത്.
ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ആന്റോ ആന്റണി എംപി ധർണ്ണ ഉദ്ഘാടനം ചെയ്യും. കെപിസിസി, ഡിസിസി ഭാരവാഹികൾ, ബ്ലോക്ക്, മണ്ഡലം, വാർഡ്, ബൂത്ത് കമ്മിറ്റികളുടെ പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കും.
പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജില്ലയിൽ നടത്തിയ സമരങ്ങളുടെ രണ്ടാം ഘട്ടമായാണ് ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ ധർണ നടത്തുന്നതെന്ന് ഡിസിസി അറിയിച്ചു.