കോന്നി : സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോന്നി എംഎൽഎ ക്ക് കടിഞ്ഞാണിടാനും നിയന്ത്രിക്കാനും സിപിഎം ജില്ലാ നേതൃത്വം തയ്യാറായില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ അഡ്വക്കറ്റ് വെട്ടൂർ ജ്യോതി പ്രസാദ്, ജനറൽ സെക്രട്ടറിമാരായ ഹരികുമാർ പൂതങ്കര, ചിറ്റൂർ ശങ്കർ, എലിസബത്ത് അബു എന്നിവർ പറഞ്ഞു.
ശാന്തിയും സമാധാനവും നിലനിന്നിരുന്ന കോന്നി നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് ശേഷം എംഎൽഎയുടെ അണികൾ എന്ന പേരിൽ ഒരുപറ്റം സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ നടത്തുന്ന അതിക്രമങ്ങളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. മാഫിയാ പ്രവർത്തനങ്ങൾക്ക് ചുക്കാന്‍ പിടിക്കുന്നത് പാര്‍ട്ടിയുടെ യുവജന വിഭാഗത്തിലെ ചിലരാണ്. എം.എല്‍.എയുടെ പേരുപറഞ്ഞ് പരസ്യമായി നടത്തുന്ന ഈ അക്രമങ്ങള്‍ക്കെതിരെ ഇതുവരെയും എം.എല്‍.എ പ്രതികരിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ നിഷേധിക്കാത്തിടത്തോളം കാലം എം.എല്‍.എയുടെ അറിവോടും പിന്തുണയോടും കൂടിയാണ് ഈ അക്രമങ്ങളും ഗുണ്ടായിസവും നടക്കുന്നതെന്ന് വ്യക്തമാണ്. എംഎൽഎയുടെ പേഴ്സണല്‍ സ്റ്റാഫിലുള്ള രണ്ട് പേരെ സമീപകാലത്ത് നീക്കം ചെയ്തതും സംശയത്തോടുകൂടിയാണ് കാണുന്നത്.
ഏറ്റവും അവസാനം നടന്ന അതിക്രമങ്ങളിൽ പോലും പോലീസ് പക്ഷപാതപരമായി പെരുമാറുകയായിരുന്നു. ഇതിനിയും തുടര്‍ന്നാല്‍ എംഎൽഎയുടെ ഓഫീസ് ഉപരോധിക്കുന്നത് ഉള്‍പ്പെടെയുള്ള സമര മാർഗങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി