ന്യൂഡല്‍ഹി : കോണ്‍ഗ്രസിന് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ അവസാനിച്ചെങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കുന്നതും ഒളിയമ്പയക്കുന്നതും തുടര്‍ന്ന് ഒരു വിഭാഗം നേതാക്കള്‍. കോണ്‍ഗ്രസ് പാര്‍ട്ടിയോട് കൂറുള്ളവരുടെ നില പരുങ്ങലിലാണെന്നും ഇപ്പോള്‍ അവസരവാദികളുടെ കാലമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി കുറ്റപ്പെടുത്തി. പ്രാപ്തിയില്ലാത്ത നേതാക്കളെ മാറ്റാന്‍ നേതൃത്വം തയ്യാറാകണമെന്നും പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണം സോണിയ ഗാന്ധി ഏറ്റെടുക്കണമെന്നും മൊയ്‌ലി ആവശ്യപ്പെട്ടു. ട്വീറ്റുകളും സോഷ്യല്‍ മീഡിയയിലെ രാഷ്ട്രീയ പ്രവര്‍ത്തനവും കൊണ്ട് ഇനിയും രക്ഷപ്പെടാമെന്ന് വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും മൊയ്‌ലി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ ഇപ്പോള്‍ അവസരവാദികളെ കൊണ്ട് നിറഞ്ഞ അവസ്ഥയുണ്ടെന്നും ഇതിന് മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് വലിയ തോല്‍വിയുണ്ടായിരിക്കുന്നു. ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തി തിരുത്തുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും മൊയ്‌ലി പറയുന്നു. തോല്‍വിയില്‍ ഒരു പ്രവര്‍ത്തകനോ നേതാവോ പരിഭ്രാന്തരാകരുത്. ഈ ഘട്ടത്തില്‍ രാജ്യം ആവശ്യപ്പെടുന്നത് പാര്‍ട്ടിയിലെ ഒത്തൊരുമയും സുഗമമായ മുന്നോട്ട് പോക്കുമാണ്. ജി 23 നേതാക്കളിലൊരാളായിരുന്ന മൊയ്‌ലി ഇപ്പോള്‍ ആ കൂട്ടായ്മയില്‍ നിന്ന് അകലം പാലിക്കുന്ന നേതാവാണ്. തന്റെ ലക്ഷ്യം ഒരിക്കലും നേതൃത്വത്തെ കുറ്റപ്പെടുത്തല്‍ അല്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരണം എന്നാണ് ആഗ്രഹിക്കുന്നതെന്നും മൊയ്‌ലി തന്റെ നിലപാട് വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിലെ തോല്‍വിയല്ല തന്നെ സംബന്ധിച്ചുള്ള പ്രശ്‌നം എന്നാല്‍ ഒരു മോശം അവസ്ഥയിലൂടെ പാര്‍ട്ടി മുന്നോട്ട് പോകുമ്ബോള്‍ നേതൃത്വത്തെ ലക്ഷ്യം വെക്കുന്ന പ്രസ്താവനകള്‍ ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുകയെന്നും വീരപ്പ മൊയ്‌ലി പറയുന്നു.
പാര്‍ട്ടിയുടെ രീതിയില്‍ മാറ്റം വരണം എന്ന ആവശ്യം ജി23 ഉന്നയിക്കുമ്ബോള്‍ ലക്ഷ്യം നേതൃത്വമായിരുന്നില്ല. പിന്നീട് അതില്‍ മാറ്റം വന്നതുകൊണ്ടാണ് അവരുമായി സഹകരിക്കാത്തതെന്നും മൊയ്‌ലി പറയുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ ഗാന്ധി കുടുംബത്തിന് വലിയ ജനപിന്തുണയുണ്ടെന്നും അദ്ദേഹം പറയുന്നു. തനിക്ക് സുഖമായി പ്രധാനമന്ത്രിയാകാനുള്ള സാധ്യതയുണ്ടായിട്ടും അതിന് തയ്യാറാകാതെ ആ സ്ഥാനം മറ്റൊരാള്‍ക്ക് കൈമാറിയ വ്യക്തിയാണ് സോണിയയെന്ന് മറക്കരുതെന്നും വീരപ്പ മൊയ്‌ലി പറയുന്നു. സോണിയ ഗാന്ധി പിന്‍മാറിയപ്പോള്‍ ആ സ്ഥാനത്തേക്ക് വരാന്‍ രാഹുല്‍ ഗാന്ധിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പകരം മന്‍മോഹന്‍ സിങ് എന്ന ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്ബത്തിക വിദഗ്ധനെ പ്രധാനമന്ത്രിയാക്കുകയും പാര്‍ട്ടിയുമായി മുന്നോട്ട് പോകുകയും ചെയ്യുകയാണുണ്ടായതെന്നും നേതൃത്വത്തെ ലക്ഷ്യം വയ്ക്കുന്നവര്‍ക്കുള്ള പരോക്ഷ മറുപടിയായി മൊയ്‌ലി പറയുന്നു. പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.