കോട്ടയം: കേരള കോണ്‍ഗ്രസില്‍നിന്ന് ഏറ്റെടുക്കുന്ന രണ്ടു സീറ്റ് ഉള്‍പ്പെടെ ജില്ലയില്‍ അഞ്ചു സീറ്റില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തയാറെടുക്കുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പ് തള്ളി കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശ്ശേരിയിലും മത്സരിക്കാനാണ് തീരുമാനം. ചങ്ങനാശ്ശേരിക്ക് പകരം ഏറ്റുമാനൂരും പരിഗണനയിലാണ്. എന്നാല്‍, ഏറ്റുമാനൂര്‍ വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് ജോസഫ് വിഭാഗം.
കോട്ടയം ജില്ലയില്‍ രണ്ടുസീറ്റ് ഏറ്റെടുക്കുമെന്ന് സീറ്റ് വിഭജന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതൃത്വം പി.ജെ. ജോസഫിനെ ഔദ്യോഗികമായി അറിയിച്ചു. കേരള കോണ്‍ഗ്രസ് മത്സരിച്ച അഞ്ച് സീറ്റും വിട്ടുതരണമെന്ന ജോസഫിന്റെ ആവശ്യവും കോണ്‍ഗ്രസ് തള്ളി. കടുത്തുരുത്തി, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍ സീറ്റുകളിലാകും ജോസഫ് വിഭാഗം മത്സരിക്കുക. പി.സി. ജോര്‍ജ് പൂഞ്ഞാറില്‍ തന്നെ സ്വതന്ത്രനായി വീണ്ടും മത്സരിക്കും.
അതിനിടെ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ കോട്ടയം ജില്ലയില്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ് വ്യക്തമാക്കി. ചങ്ങനാശ്ശേരിയാണ് നോട്ടം. അവിടെ പ്രമുഖരെ സന്ദര്‍ശിക്കുന്ന തിരക്കിലാണ് അദ്ദേഹം. ഇത്തവണ ഇരിക്കൂറില്‍ മത്സരിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇരിക്കൂറില്‍നിന്ന് മാറുന്നത് മലബാറിലെ നേതാക്കള്‍ക്ക് അവസരം നല്‍കാനാണെന്നും കെ.സി. ജോസഫ് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിലെ ചെറിയ ക്ഷീണം മറികടന്ന് കോണ്‍ഗ്രസ് മുന്നോട്ടുപോയെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയം ജില്ലയില്‍ പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ എട്ട് സീറ്റിലെങ്കിലും വിജയിക്കും. പാര്‍ട്ടി എന്ത് നിര്‍ദേശിക്കുന്നോ അക്കാര്യം ചെയ്യുമെന്നും കെ.സി. ജോസഫ് പറഞ്ഞു. 1982ല്‍ ഇരിക്കൂറിലെത്തിയതു മുതല്‍ കെ.സി. ജോസഫ് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പരാജയം അറിഞ്ഞിട്ടില്ല.
അന്തരിച്ച സി.എഫ്. തോമസ് തുടര്‍ച്ചയായി ഒമ്പതു തവണ വിജയിച്ച മണ്ഡലമാണ് ചങ്ങനാശ്ശേരി. കേരള കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റും. ഇത്തവണ ജോസ് വിഭാഗം മണ്ഡലത്തില്‍ സുപരിചിതനായ ജോബ് മൈക്കിളിനെ കളത്തിലിറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. സീറ്റ് വിട്ടുകിട്ടിയാല്‍ സി.എഫ്. തോമസിന്റെ സഹോദരനും നഗരസഭ അധ്യക്ഷനുമായ സാജന് ഫ്രാന്‍സിസിനെ മത്സരിപ്പിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.