കോഴിക്കോട് : കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കണക്കുകൂട്ടലുമായി കോണ്‍ഗ്രസ് നേതൃത്വം. ഉറപ്പിക്കുന്ന സീറ്റുകള്‍ ഏതെന്ന് ഇപ്പോഴും പറയാവുന്ന സ്ഥിതിയല്ല. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇത്തവണ നാലില്‍ അധികം സീറ്റ് നേടുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ആലപ്പുഴയില്‍ സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ മത്സരിക്കാനില്ലാത്തത് ഗുണം ചെയ്യും. അതേസമയം കൊല്ലത്ത് മുകേഷിനെതിരെ കടുത്ത വികാരം നിലനില്‍ക്കുന്നുണ്ടെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. ബിന്ദു കൃഷ്ണ നല്ല ഭൂരിപക്ഷത്തില്‍ തന്നെ ജയിക്കാനാണ് ചാന്‍സ്. പത്തനംതിട്ടയില്‍ നാല് വരെ സീറ്റ് നേടി അമ്പരിപ്പിക്കാവുന്ന സാഹചര്യം നിലനില്‍ക്കുന്നുവെന്ന് നേതൃത്വം പറയുന്നു.
കോന്നിയില്‍ ജനീഷ് കുമാറിനെയും ആറന്മുളയില്‍ വീണാ ജോര്‍ജിനെയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇത്തവണ പരാജയപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഇവര്‍ക്കെതിരെയുള്ള ഭരണവിരുദ്ധ വികാരവും അടിയൊഴുക്കുകളും ശക്തമാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. നിലവില്‍ കോന്നിയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും അടൂര്‍ പ്രകാശിനെതിരെയുള്ള വികാരവും നല്ലൊരു വിഭാഗത്തിനുണ്ട്. റോബിന്‍ പീറ്ററിനെ പരാജയപ്പെടുത്താന്‍ നിര്‍ദേശവുമുണ്ട്. അതിനെ മറികടക്കുമോ എന്നാണ് കണ്ടറിയാനുള്ളത്. പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, ജില്ലകളിലാണ് വമ്പന്‍ കുതിപ്പ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
കണ്ണൂരില്‍ അഞ്ച് സീറ്റ് നേടുമെന്ന് കഴിഞ്ഞ ദിവസം കെ സുധാകരന്‍ പറഞ്ഞിരുന്നു. ഇതില്‍ തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ. പാലക്കാടും തൃത്താലയും അടക്കമുള്ള സീറ്റുകള്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. മലപ്പുറത്ത് ലീഗ് കോട്ടകള്‍ ഇളകില്ലെന്നും സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകള്‍ കൂടി പിടിച്ചെടുക്കുമെന്നാണ് നേതാക്കളിലുള്ള പ്രതീക്ഷ. എന്നാല്‍ പ്രചാരണത്തില്‍ നല്ല മുന്നേറ്റം സിപിഎം മലപ്പുറത്ത് അടക്കം നടത്തിയിരുന്നു. കോഴിക്കോട് നോര്‍ത്തിലാണ് നല്ല മത്സരം നടക്കുന്നത്. കൊയിലാണ്ടിയിലും കടുത്ത മത്സരം തന്നെയാണ്. ഈ രണ്ട് സീറ്റിലും അട്ടിമറി നടക്കാന്‍ സാധ്യതയുണ്ട്. വയനാട് രാഹുല്‍ തരംഗത്തില്‍ തൂത്തുവാരുമെന്ന് ഉറപ്പിക്കുന്നുണ്ട് കോണ്‍ഗ്രസ് നേതൃത്വം.
ഇത്തവണ കോണ്‍ഗ്രസിനുള്ളിലെ കാലുവാരലില്‍ വലിയ ഭീഷണിയില്ലെന്നാണ് നേതാക്കള്‍ കരുതുന്നത്. 75 മുതല്‍ 80 സീറ്റ് വരെയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. നേമം അടക്കം അഞ്ച് സീറ്റിലാണ് ബിജെപിയുടെ പ്രതീക്ഷ. അതേസമയം ഇടതുമുന്നണിയില്‍ ആശങ്കകള്‍ ഒന്നുമില്ല. 82 മുതല്‍ 85 സീറ്റുകളില്‍ അവര്‍ ഉറച്ച പ്രതീക്ഷയിലാണ്. പാര്‍ട്ടിയിലെ ഹിന്ദുവോട്ട് ബിജെപിക്ക് പോയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. പിണറായിയുടെ നേതൃപാടവത്തില്‍ തന്നെയാണ് സിപിഎമ്മിന്റെ എല്ലാ പ്രതീക്ഷയും. ചിട്ടയായ പ്രചാരണവും ഈ ഘട്ടത്തില്‍ സിപിഎമ്മിന് നല്‍കുന്ന പ്രതീക്ഷയാണ്.