കണ്ണൂർ : വോട്ടെണ്ണൽ കഴിഞ്ഞാൽ കോൺഗ്രസ് പാർട്ടിക്കകത്ത് പുനസംഘടന അനിവാര്യമാണെന്ന് കണ്ണൂർ എം.പി കെ സുധാകരൻ. കഴിവില്ലാത്ത സംസ്ഥാന, ജില്ലാ നേതാക്കളെയും ആശ്രിതരെയും മാറ്റണം. മുല്ലപ്പള്ളിക്കും എനിക്കും ഒരേ അഭിപ്രായമാണ്. സംസ്ഥാന തലത്തിൽ മാത്രമല്ല ദേശീയ നേതൃത്വത്തിലും അഴിച്ചുപണി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പാനൂർ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തന്നെയും ചോദ്യം ചെയ്യുന്നെങ്കിൽ ചെയ്യട്ടെ. സിബിഐക്ക് മുന്നിൽ വരെ ഹാജരാകാൻ തയ്യാറാണ്. പുതിയ അന്വേഷണ സംഘത്തിന്റെ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. 10 സഖാക്കളെ ബലി കൊടുത്ത പാർട്ടിയാണ് സിപിഎം. അവരുടെ കത്തി താഴെ വെപ്പിക്കും. മന്ത്രി കെടി ജലീൽ മാത്രമല്ല മുഖ്യമന്ത്രിയും രാജിവെക്കാൻ യുഡിഎഫ് ശക്തമായി ആവശ്യപ്പെടണമെന്നും കെ സുധാകരൻ പറഞ്ഞു.