തൃശൂര്‍ : തെരഞ്ഞെടുപ്പ് ഫലം അട്ടിമറി വിജയത്തിന്റെതാകുമെന്ന് ജില്ല കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ജില്ലയില്‍ 13ല്‍ ഒന്‍പതിടത്ത് യു.ഡി.എഫ് ജയിക്കുമെന്നും മന്ത്രി മണ്ഡലവും ഇടത് ചെങ്കോട്ടയും ഇത്തവണ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.
വോട്ടെടുപ്പിന് ശേഷം മണ്ഡലങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചാണ് ജില്ല നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. 2006ല്‍ ബാബു പാലിശേരിയിലൂടെ ഇടത് കോട്ടയാക്കി മന്ത്രി എ.സി. മൊയ്തീന് രണ്ടാം തവണയായി മത്സരിക്കുന്ന കുന്നംകുളവും രൂപവത്കൃത കാലം മുതല്‍ ചുവപ്പണിഞ്ഞ കൈപ്പമംഗലവും കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നാണ് അട്ടിമറിക്ക് കാരണമായി പറയുന്നത്.
മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി കുന്നംകുളത്തും കയ്പമംഗലത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നുവെന്നതുതന്നെയാണ് പ്രധാന കാരണം. രണ്ടിടത്തും പ്രബലരായ എതിരാളികളെ നേരിടാന്‍ അത്രതന്നെ മണ്ഡലത്തില്‍ സ്വാധീനമുള്ളവരെ ഉപയോഗിച്ചതും തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ഉണ്ടാവുന്ന തര്‍ക്കങ്ങള്‍ ഇവിടങ്ങളില്‍ ഉണ്ടായിരുന്നില്ലാത്തതും അനുകൂലമായി കോണ്‍ഗ്രസ് വിലയിരുത്തുന്നു.
ഒന്‍പത് സീറ്റ് നേടാനാവുമെന്നാണ് വിലയിരുത്തുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി. വിന്‍സെന്റ് പറഞ്ഞു. അഞ്ച് മുതല്‍ ഒന്‍പത് വരെ സീറ്റുകളാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. തൃശൂര്‍ മണ്ഡലത്തിലെ ജയപരാജയം സംസ്ഥാനത്തെ ഭരണം നിര്‍ണയിക്കുന്ന ഘടകം കൂടിയാണ്. ജില്ലയില്‍ യു.ഡി.എഫിന് അഞ്ചില്‍ കൂടുതല്‍ സീറ്റ് ലഭിച്ചാല്‍ യു.ഡി.എഫ് കേരളം ഭരിക്കുമെന്നാണ് വിലയിരുത്തല്‍.