തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനെതിരെ കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുന്നു . വിരട്ടലിലൂടെ കാര്യം കാണുന്ന തന്ത്രം അനുവദിച്ചു കൊടുക്കണ്ടതില്ലെന്നാണ് നേതാക്കള്‍ക്കിടയിലെ ധാരണ.
ഇതോടെ ചര്‍ച്ചകള്‍ക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച് ക്ഷുഭിതനായി മുതിര്‍ന്ന നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൈ ചൂണ്ടി സംസാരിച്ച് കാര്യങ്ങള്‍ നേടിയെടുക്കുന്ന പിജെ ജോസഫിന്റെ ഉടക്കു തന്ത്രം കോണ്‍ഗ്രസ് നേതൃത്വം ഇനി വകവച്ചുകൊടുക്കാനിടയില്ല.
കഴിഞ്ഞ തവണ മത്സരിച്ച നാലിനു പകരം 12 സീറ്റുകള്‍ ഇത്തവണ വേണമെന്ന ജോസഫിന്റെ ആവശ്യം നിരാകരിക്കാനും ധാരണയായി. കഴിഞ്ഞ തവണത്തെ നാലിനു പകരം ഇത്തവണ 3 അധിക സീറ്റുകള്‍ കൂടി ജോസഫ് വിഭാഗത്തിന് അനുവദിക്കാനാണ് തീരുമാനം. 7 സീറ്റുകളില്‍ നിന്നും ചങ്ങനാശ്ശേരി, കുട്ടനാട്, കോതമംഗലം സീറ്റുകളില്‍ ഏതെങ്കിലും രണ്ടെണ്ണത്തില്‍ വെച്ചുമാറാനും ആലോചനയുണ്ട്.
കുട്ടനാടോ, ചങ്ങനാശ്ശേരിയോ ഏറ്റെടുത്ത് ഇതിലൊന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കും. അതില്‍ ഒരു സീറ്റ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥി തന്നെ മത്സരിക്കും. കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന സീറ്റിനു പകരമായി ജോസഫിന് മലബാറില്‍ സീറ്റ് നല്‍കും. ഇതുപോലെ കോതമംഗലം സീറ്റും മറ്റൊരു മലബാര്‍ മണ്ഡലവുമായി വെച്ചുമാറാന്‍ ആലോചനയുണ്ട്. കോതമംഗലത്ത് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. മാത്യു കുഴല്‍നാടനെ ഇത്തവണ പരിഗണിക്കണമെന്ന് കോണ്‍ഗ്രസിന് താല്‍പര്യവുമുണ്ട്. കുഴല്‍നാടന് ഇത്തവണ സീറ്റ് നല്‍കാതിരിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ കോതമംഗലത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല.
ചങ്ങനാശ്ശേരി, കോതമംഗലം, കുട്ടനാട് മണ്ഡലങ്ങളിലൊന്നും ജോസഫ് വിഭാഗത്തിന് പേരിനുപോലും പ്രവര്‍ത്തകരില്ലന്നതാണ് എഐസിസിക്ക് റിപ്പോര്‍ട്ട് ലഭിച്ചു. കോണ്‍ഗ്രസിന്റെ ചിലവില്‍ പാര്‍ട്ടി വളര്‍ത്തി ഘടകകക്ഷികളെ മുന്നണിക്ക് ബാധ്യതകളാക്കി മാറ്റേണ്ടെന്നതാണ് എഐസിസിയുടെ നിര്‍ദ്ദേശം.
ജോസഫിന്റെ ആവശ്യപ്രകാരമായിരുന്നു ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍നിന്നും പുറത്താക്കിയത്. അത് ജോസഫ് വിഭാഗത്തിന് നേട്ടമായി. പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ടായനഷ്ടം വളരെ വലുതാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന്റെ സാധ്യതകള്‍ ഒപ്പത്തിനൊപ്പമെന്ന സ്ഥിതിയിലെത്തിച്ചത് ജോസ് കെ മാണി വിഭാഗം പുറത്തായതോടെയാണെന്നാണ് വിലയിരുത്തല്‍.
യുഡിഎഫ് നേരിയ ഭൂരിപക്ഷത്തിനാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ ആഭ്യന്തരം, ധനകാര്യം എന്നീ പ്രധാന വകുപ്പുകളിലൊന്നിനുവേണ്ടി വില പേശാനാണ് ജോസഫിന്റെ നീക്കം. അത് കോണ്‍ഗ്രസിനറിയാം. മാത്രമല്ല, ജോസഫിന് ഇനി മറ്റ് ഗത്യന്തരങ്ങളില്ല. ജോസ് പക്ഷം ഇടതിലായതിനാല്‍ ജോസഫിന് അവിടെയും സ്ഥാനം ലഭിക്കില്ല. തന്നെയുമല്ല പാര്‍ട്ടിയുടെ പേരും ചിഹ്നവും ഒന്നും ജോസഫിന് ഇപ്പോഴില്ല. അതിനാല്‍ ഇടുന്ന ഇലയിലെ ഭക്ഷണം കഴിച്ചിട്ട് പോകാനേ പി.ജെ ജോസഫിന് ഇപ്പോള്‍ നിര്‍വാഹമുള്ളൂ.