പത്തനംതിട്ട : കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് വൈകിട്ട് നാലിന് മൈലപ്രായിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിക്കുമെന്ന് സി.യു.സി ജില്ലാ കോ-ഓർഡിനേറ്ററൻമാരായ അഡ്വ.ഏ.സുരേഷ്കുമാർ , അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ്, സലിം പി ചാക്കോ എന്നിവർ അറിയിച്ചു.
ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന വേദിയിൽ പത്തിൽ താഴെ നേതാക്കൾ മാത്രമാണ് പങ്കെടുക്കുന്നത്. തിരക്കില്ലാത്ത വേദിയും, അച്ചടക്കത്തോടെയുള്ള ചടങ്ങുമാണ് ക്രമീകരിച്ചിട്ടുള്ളത്. മൈലപ്രാ പുതുവേലിൽ ഷാജി ജോർജ്ജിൻ്റെ ഭവനാങ്കണത്തിലാണ് ഉദ്ഘാടനം നടക്കുന്നത്.
ഒക്ടോബർ ഒന്നിന് വൈകിട്ട് അഞ്ച്മണിക്ക് ഡി.സി.സി യിൽ നടക്കുന്ന ചടങ്ങിൽ ബൂത്ത് പ്രസിഡൻറുമാർക്ക് ഡി.സി.സി പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ യൂണിറ്റുകളിൽ ഉയർത്താനുള്ള പതാക കൈമാറും. പത്തനംതിട്ട ജില്ലയിൽ മൈലപ്രാ പഞ്ചായത്താണ് സി.യു.സി ട്രൈ ഔട്ടിന് തിരുമാനിച്ചത്. ഏട്ട് ബൂത്തുകളിൽ 39 യൂണിറ്റുകളാണ് പുതുതായി രൂപം കൊള്ളുന്നത്. ഒരു ബൂത്തിൽ ശരാശരി നാല് യൂണിറ്റുകൾ ഉണ്ടാകും. പ്രസിഡൻ്റ്, സെക്രട്ടറി, ട്രഷറാർ ഭാരവാഹി ഘടന.
ഒക്ടോബർ രണ്ടിന് ശനിയാഴ്ച രാവിലെ 39 യൂണിറ്റുകളിലും മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ പതാക ഉയർത്തും. ഇതോടേനനുബന്ധിച്ച് ബൂത്ത്തല ഉദ്ഘാടനങ്ങളും നടക്കും. തുടർന്ന് പായസവിതരണം, ഒപ്പം പ്രഭാത ഭക്ഷണവും. രാവിലെ 9.30 മുതൽ 10.30 വരെയുള്ള സമയങ്ങളിൽ മറ്റ് യൂണിറ്റ് ഉദ്ഘാടനങ്ങളും നടക്കും.