പത്തനംതിട്ട : സംഘടനാ പ്രവര്‍ത്തനത്തിന് സമൂല മാറ്റം കുറിക്കുന്ന കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണം ജില്ലയില്‍ സജീവമായി. ട്രൈ ഔട്ട് പഞ്ചായത്തായി തെരഞ്ഞെടുത്ത മൈലപ്രാ പഞ്ചായത്തില്‍ പ്രാഥമിക സര്‍വ്വേ പൂര്‍ത്തീകരിച്ചപ്പേള്‍ 1240 കോണ്‍ഗ്രസ് ഭവനങ്ങളും 538 കോണ്‍ഗ്രസ് സൗഹൃദ ഭവനങ്ങളും ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റ് വിശദാംശംങ്ങള്‍ പാര്‍ട്ടി തലത്തില്‍ മാത്രമാണ് സൂക്ഷിക്കുക. ആദ്യഘട്ടത്തില്‍ 39 യൂണിറ്റുകള്‍ രൂപീകരിച്ചു. ആറ് യൂണിറ്റുകള്‍ കൂടി രൂപീകരിക്കും.
രണ്ടാംഘട്ടത്തില്‍ ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളിലാണ് സി.യു.സി രൂപീകരിക്കുന്നതെന്ന് ജില്ലാ കോ-ഓഡിനേറ്റര്‍മാരായ അഡ്വ.എ.സുരേഷ് കുമാര്‍, അഡ്വ.വെട്ടൂര്‍ ജ്യോതിപ്രസാദ്, സലിം പി ചാക്കോ എന്നിവര്‍ പറഞ്ഞു. ഏറത്ത്, കൊടുമണ്‍, വള്ളിക്കോട്, ഓമല്ലൂര്‍, കടപ്ര, ഇരവിപേരൂര്‍, വെച്ചൂച്ചിറ, റാന്നി-അങ്ങാടി, കവിയൂര്‍ എന്നീ മണ്ഡലങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി 60 റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്കുള്ള ദ്വിദിന ശില്‍പ്പശാല ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മരാമണ്‍ റിട്രീറ്റ് സെന്‍ററില്‍ നടക്കും. ഇതിന് ശേഷം മണ്ഡലം ശില്‍പ്പശാലകളും യൂണിറ്റ് രൂപീകരണവും നടക്കും.
ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ദ്വിദിന ശില്‍പ്പശാല മാരാമണ്‍ റിട്രീറ്റ് സെന്‍ററില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ അഡ്വ.എ.സുരേഷ് കുമാറും, അഡ്വ.വെട്ടൂര്‍ ജ്യോതിപ്രസാദും, സലിം പി ചാക്കോയും അറിയിച്ചു. കോണ്‍ഗ്രസില്‍ താഴെത്തലം വരെ പുതിയ പ്രചോദനം യൂണിറ്റ് കമ്മിറ്റി രൂപീകരണത്തോടെ പ്രകടമാണെന്നും അവര്‍ പറഞ്ഞു.