കല്‍പ്പറ്റ : പി വി അന്‍വറുമായി ഇനി ചര്‍ച്ചയില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. പിവി അന്‍വറിന്റെ ഉപാധികള്‍ അംഗീകരിക്കാനാവില്ലെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കില്ലെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. പി വി അന്‍വറുമായുള്ള സഹകരണത്തിന്റെ കാര്യത്തില്‍ ഇനിയൊരു നീക്കു പോക്കും ഇല്ല , അതൊരു അടഞ്ഞ അധ്യായമാണ് എന്നതിന്റെ വ്യക്തമായ സൂചനയാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി നല്‍കിയത്. പിവി അന്‍വര്‍ മുന്നോട്ട് വെച്ചിട്ടുള്ള ഉപാദികള്‍ അംഗീകരിക്കുകയോ അനുസരിക്കുകയോ ചെയ്യേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും അന്‍വറിന്റെ ഡിഎംകെയുമായുള്ള സഹകരണവുമായി ബന്ധപ്പെട്ട് ധാരാളം വാര്‍ത്തകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഭിന്നസ്വരം പുറത്ത് വരികയും ചെയ്തു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഒരു നിലപാടും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മറ്റൊരു നിലപാടും സ്വീകരിച്ച് രംഗത്തെത്തുന്ന സാഹചര്യമുണ്ടായി. ഇന്ന് രാവിലെ കല്‍പ്പറ്റ ഡിസിസി ഓഫീസിലെത്തിയ ദീപാദാസ് മുന്‍ഷി അപ്പോള്‍ മാധ്യമങ്ങളെ കണ്ട് പറഞ്ഞത് ഇന്ന് വൈകിട്ട് ഇരു നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ആ ചര്‍ച്ചയില്‍ പിവി അന്‍വറുമായുള്ള കൂടിക്കാഴ്ചയില്‍ അന്തിമ തീരുമാനമെടുക്കുമെന്നുമാണ്. ഇക്കാര്യത്തില്‍ വ്യക്തതയുള്ളൊരു നിലപാട് കോണ്‍ഗ്രസിനുണ്ടെന്ന് പിന്നീടാണ് ദീപദാസ് മുന്‍ഷി പ്രതികരിച്ചത്.