പത്തനംതിട്ട : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഭൂമിയുടെ അവകാശികൾ എന്ന പേരിൽ പരിസ്ഥിതി സദസ് സംഘടിപ്പിച്ചു. മലയാളത്തിൻ്റെ പ്രശസ്ത കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മദിനത്തിൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി സദസിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും റിപ്പബ്ലിക്കൻ സ്കൂളിലെ പൂർവവിദ്യാർത്ഥിയുമായ എ.മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം നിലനിർത്തുകവഴി പരിസ്ഥിതി സൗഹാർദ്ദപരമായ ലോകം സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിസ്ഥിതിക്ക് ദോഷംവരുത്തുന്ന മനുഷ്യ പ്രവർത്തനങ്ങളും അതിലൂടെ രൂപപ്പെടുന്ന പാരിസ്ഥിതിക പ്രതിസന്ധികളും ചർച്ചചെയ്ത് അനുകൂലമായ ലോകവീക്ഷണം രൂപപ്പെടണം. നിരീക്ഷണത്തിലൂടെ മനുഷ്യൻ്റെ അറിവ് വിപുലപ്പെടുന്നു. യുക്തിസഹമായ അറിവിലൂടെ പ്രകൃതിയിലേക്ക് നടന്നുനീങ്ങുമ്പോൾ മനുഷ്യൻ വിശ്വമാനവനായി മാറുന്നു.
മനുഷ്യ സംസ്കാര രൂപീകരണത്തിൽ കാലങ്ങളായി കടന്നുവന്നിട്ടുള്ള പരിഷ്കാരങ്ങൾ പ്രകൃതിയിൽ ചെറുതും വലുതുമായ മാറ്റങ്ങൾക്ക് കാരണമായി. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിന് അതീവ പ്രാധാന്യം നൽകണം. ലാളിത്യപൂർണ്ണമായ ജീവിതശൈലിയിലൂടെ മാറ്റങ്ങളുടെ സന്ദേശവാഹകരായി വിദ്യാർത്ഥിസമൂഹം മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നർമ്മദ ബച്ചാവോ ആന്ദോളൻ, പശ്ചിമഘട്ട രക്ഷായാത്ര, എൻഡോസൾഫാൻ വിരുദ്ധസമരം, അതിരപ്പള്ളി ജലവൈദ്യുത പദ്ധതി വിരുദ്ധസമരം, കൂടംകുളം നൂക്ലിയർ പ്ലാൻ്റ് വിരുദ്ധസമരം, നിരവധി ആദിവാസി ഭൂസമരങ്ങൾ, ജനകീയ ആരോഗ്യ പ്രസ്ഥാനങ്ങളുടെ നേതൃത്വം, ജൈവകാർഷിക വ്യവസ്ഥയുടെ നിലനിൽപ്പിനായുള്ള പ്രവർത്തനങ്ങൾ എന്നിവയിലൂടെ പ്രശസ്തനായ വ്യക്തിയാണ് എ. മോഹൻകുമാർ. മാവേലിക്കര ബിഷപ്പ്മൂർ കോളേജ് മുൻ അധ്യാപകനായ പ്രൊഫ. കെ എ.തോമസ് ആമുഖഭാഷണം നടത്തി. എ. മോഹൻകുമാർ രചിച്ച ‘ പീറ്റർ ഷൂമാൻ അപ്പം ചുടുന്നതെന്തിന് ‘ എന്ന പുസ്തകത്തെ തദ്ദവസരത്തിൽ പരിചയപ്പെടുത്തി. പ്രശസ്ത ജൈവകർഷകനായ വി.സി. വിജിത്ത് ജൈവകൃഷിപാഠം അവതരിപ്പിച്ചു. സ്കൂൾ മാനേജർ എൻ. മനോജ്, റിപ്പബ്ലിക്കൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എസ്. ശശികുമാർ, ട്രസ്റ്റ് അംഗം എസ്. സന്തോഷ് കുമാർ, പി.ടി.എ. പ്രസിഡൻ്റ് മനോജ് പുളിവേലിൽ, മാതൃസമിതി പ്രസിഡൻ്റ് ഷിനി ഇ.റ്റി., സ്കൂൾ പ്രിൻസിപ്പാൾ ആർ. സുനിൽ, ഹെഡ്മാസ്റ്റർ ആർ. ശ്രീകുമാർ, സ്റ്റാഫ് സെക്രട്ടറി സുപ്രിയ എം.വി., അധ്യാപകനായ പ്രമോദ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.