കോന്നി : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനെ വരവേൽക്കാൻ കോന്നി ഒരുങ്ങി. നവകേരള സദസിനെ മലയോര നാടിന്‍റെ ചരിത്ര സംഭവമാക്കി മാറ്റാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ . കോന്നി കെ.എസ്.ആർ.ടി.സി മൈതാനത്ത് പന്തലിന്റെയും വേദികളുടെയും നിർമ്മാണം പൂർത്തിയായി. അവസാനവട്ട ക്രമീകരണങ്ങൾ എം.എൽ.എ വിലയിരുത്തി. പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കാൻ 20 കൗണ്ടറുകൾ വേദിയുടെ സമീപത്തായി ക്രമീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക കൗണ്ടറുകൾ ഉണ്ടാകും.
ഒരുമണിയോടെ കൗണ്ടറുകളിൽ പരാതികൾ സ്വീകരിച്ചു തുടങ്ങും. 2.30 മുതൽ ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയും കനൽ ബാന്റും ചേർന്ന് അവതരിപ്പിക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറും. വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എത്തി നവകേരള സദസ് ആരംഭിക്കും. പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്. വോളണ്ടിയേഴ്സിന്റെ സേവനവും ലഭ്യമാണ്. കോന്നിയുടെ മണ്ണിലേക്ക് എത്തുന്ന ക്യാബിനറ്റ് ഇൻ കോന്നിയെ വരവേൽക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായും ഈ ചരിത്ര സംഭവത്തിന് സാക്ഷിയാവാൻ എല്ലാവരെയും കോന്നിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടക സമിതി ചെയർമാൻ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയും കൺവീനർ രശ്മി മോളും അറിയിച്ചു.