കോന്നി : കോന്നി കെ എസ് ആർ ടി സി ഡിപ്പോ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാകാത്തതിനാൽ ഡിപ്പോ നിർമ്മാണം വൈകുന്നു.കെ എസ് ആർ ടി സി ഡിപ്പോ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം പോകുവരവ് ചെയ്ത് കെ എസ് ആർ ടി സി ക്ക് വിട്ട് കൊടുക്കുന്നത് സംബന്ധിച്ച് കോന്നി തഹൽസീദാർ പത്തനംതിട്ട ജില്ലാ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സ്ഥലം പോകുവരവ് ചെയ്യുന്നത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് കെ എസ് ആർ ടി സി ക്ക് ഭൂമി കൈമാറുന്നതായുളള ഉടമ്പടിയുടെ രേഖയും തഹൽസീദാരുടെ റിപ്പോർട്ടിനൊപ്പം ഹാജരാക്കണമെന്നും സ്ഥലം പോക്കുവരവ് ചെയ്തതിന് ശേഷം ഗ്രാമപഞ്ചായത്തിൻ്റെ അധീനതയിലുള്ള സ്ഥലം കെ എസ് ആർ ടി സി മാനേജിഗ് ഡയറക്ടറുടെ പേരിൽ കൈമാറിയെങ്കിൽ മാത്രമേ സ്ഥലം ഏറ്റെടുപ്പ് നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കുവാൻ സാധിക്കുകയുള്ളുവെന്നും ജില്ലാ കളക്ടർ കോന്നി തഹൽസീദാർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കോന്നി വില്ലേജിൽ കെ എസ് ആർ ടി സി ക്ക് വേണ്ടി കോന്നി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ള ബ്ലോക്ക് 33ൽ റീസർവ്വേ നമ്പർ 270/11,273/10 എന്നിവയിൽ ഉൾപ്പെട്ട സ്ഥലം സർവ്വേ റിക്കോർഡുകൾ പ്രകാരം നിലവിൽ സ്വകാര്യ വ്യക്തിയുടെ പേരിൽ ഉൾപ്പെട്ടതാണ്.
ഈ സ്ഥലം കോന്നി ഗ്രാമപഞ്ചായത്തിൻ്റെ പേരിൽ വാങ്ങിയ ആധാരത്തിൻ്റെ പകർപ്പോ മറ്റ് രേഖകളോ കോന്നി ഗ്രാമപഞ്ചായത്ത് കോന്നി ഭൂരേഖ തഹൽസീദാർക്ക് സമർപ്പിച്ചിട്ടുമില്ലെന്നും 26 – 8 – 2021ൽ കോന്നി തഹൽസീദാർക്ക് ജില്ലാ കളക്ടർ നൽകിയ മറുപടിയിൽ പറയുന്നു.
നിലവിലെ സ്ഥിതി നിലനിൽക്കെ കഴിഞ്ഞ വർഷം ഡിപ്പോയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കെ യു ജനീഷ് കുമാർ എം എൽ എ യുടെ നേതൃത്വത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് അധികൃതരും കെ എസ് ആർ ടി സി അധികൃതരും നിർദിഷ്ട സ്ഥലം സന്ദർശിച്ച് നടപടികൾ വേഗത്തിലാക്കാൻ തീരുമാനമെടുത്തെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായില്ല.
വസ്തു സംബന്ധിച്ച് 2018 മുതൽ സ്വകാര്യ വ്യക്തിയുമായി ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസ് സംബന്ധിച്ച് വസ്തു ഉടമയുമായി ചർച്ച നടത്തി പരിഹാരം കാണുന്നതിനും കോന്നിയിലെ ജനപ്രതിനിധി തീരുമാനിച്ചിരുന്നു. എന്നാൽ ഇതൊന്നും യാതൊരു നടപടിയും കൂടാതെ വെറും പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങി പോവുകയാണ് ചെയ്തത്.
നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്താത്തതിനാൽ മുൻപ് നിർമ്മിച്ച കെട്ടിടങ്ങൾ കാടുകയറി നാശാവസ്ഥയിലാണിപ്പോൾ. പ്രധാന വഴിയുടെ സമീപത്ത് നിന്നും കാട് വളർന്ന് നിൽക്കുന്നതിനാൽ ഈ ഭൂമിയിലേക്ക് എത്തിച്ചേരാൻ പോലും കഴിയാത്ത അവസ്ഥയാണ്. പഴയ സ്വകാര്യ ബസ്റ്റാൻ്റാണ് ഇപ്പോൾ കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സ്റ്റേഷനായി പ്രവർത്തിക്കുന്നത്.
ഇതിനാൽ സ്വകാര്യ ബസുകൾ റോഡിലാണ് പാർക്ക് ചെയ്യുന്നത്.പുതിയ ഡിപ്പോ പ്രവർത്തന സജ്ജമായാലേ ഇവയ്ക്കെല്ലാം പരിഹാരമാകൂ. പുതിയ ഡിപ്പോ നിർമ്മാണം വൈകുന്നതിൽ ജനങ്ങളുടെ പ്രതിഷേധവും ശക്തമാണ്.