കോന്നി : ഗവ.മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം 11 ന് രാവിലെ 10.30 ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ഐസിയു, ഓപ്പറേഷൻ തീയറ്റർ എന്നിവയും 11ന് തുടങ്ങും. ആരോഗ്യമന്ത്രി തിരുവനന്തപുരത്തും കോന്നിയിലും വിളിച്ചു ചേർത്ത യോഗത്തിൽ അത്യാഹിത വിഭാഗം എത്രയും വേഗം പ്രവർത്തനം ആരംഭിക്കണമെന്ന് തീരുമാനിച്ചിരുന്നു. തുടർന്ന് അതിവേഗത്തിലാണ് എല്ലാം സജ്ജമായത്.
മെഡിക്കൽ കോളേജ് ഒപി, ഐപി വിഭാഗങ്ങൾ നേരത്തേ പ്രവർത്തനം ആരംഭിച്ചിരുന്നു. കോവിഡ് ചികിത്സയും മെഡിക്കൽ കോളേജിൽ ആരംഭിച്ചിരുന്നു. ഇപ്പോൾ കോവിഡ് ടെസ്‌റ്റിങ്ങും വാക്സിനേഷനും നടക്കുന്നുണ്ട്. അഡ്വ.കെ.യു ജനീഷ്‌കുമാർ എംഎൽഎയും കലക്ടർ ദിവ്യ എസ് അയ്യരും ഓക്സിജൻ പ്ലാന്റിന്റെ നിർമ്മാണപുരോഗതി വിലയിരുത്തി. അത്യാഹിത വിഭാഗത്തിൽ ട്രയാജ്, റെഡ്, യെല്ലോ, ഗ്രീൻ എന്നീ നാലു വിഭാഗങ്ങൾ ഉണ്ടാകും. എല്ലാ വിഭാഗവും പ്രവർത്തിക്കാനാവശ്യമായ ഡോക്ടർമാരും മറ്റു ജീവനക്കാരും ഭൂരിപക്ഷവും നിയമിതരായിട്ടുണ്ട്.
ഓപ്പറേഷൻ തീയറ്ററിലേക്കാവശ്യമായ അനസ്തേഷ്യാ വർക്ക് സ്റ്റേഷൻ, ഓപ്പറേഷൻ ടേബിൾ, ഷാഡോലെസ് ലൈറ്റ്, ഡയാടെർമി, ഡീസിബ്രിലേറ്റർ തുടങ്ങി എല്ലാ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഐസിയുവിൽ 4 വെന്റിലേറ്റർ, 12 ഐസിയു ബെഡ്, 50 ഓക്സിജൻ കോൺസൺട്രേറ്റർ, മൂന്ന് കാർഡിയാക്ക് മോണിറ്റർ, ബെഡ് സൈഡ് ലോക്കർ, ബെഡ് ഓവർ ടേബിൾ തുടങ്ങിയവയും എത്തിയിട്ടുണ്ട്. ഫർണിച്ചറുകൾ ഉദ്ഘാടനത്തിനു മുൻപായി എത്തിക്കും. ഐപിയ്ക്കായി ഓക്സിജൻ സൗകര്യമുള്ള 120 കിടക്കകൾ സജ്ജമാക്കി. എംഎൽഎ ഫണ്ടിൽ നിന്നും ലഭ്യമാക്കിയിട്ടുള്ള അൾട്രാസൗണ്ട് സ്കാനിങ് മെഷീനും സ്ഥാപിച്ചു. 2022-23 വിദ്യാഭ്യാസ വർഷത്തിൽ അഡ്മിഷൻ ആരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി എംഎൽഎ പറഞ്ഞു.