തിരുവനന്തപുരം : കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതു കോണ്‍ഗ്രസില്‍ പുതിയ ചേരിതിരിവിന് വഴിതെളിച്ചേക്കും. ഗ്രൂപ്പുകളെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസില്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നാണ് പ്രധാന നേതാക്കളുടെ ആക്ഷേപം. ഇക്കൂട്ടത്തില്‍ ചിലര്‍ ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതായും പരാതിയുണ്ട്.
തോല്‍വിക്ക് പിന്നാലെ തങ്ങള്‍ക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം തുടങ്ങിയിരുന്നുവെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ വിലയിരുത്തല്‍. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് വി.ഡി.സതീശനും കെ.സി.വേണുഗോപാലും കെ.സുധാകരനും ദിവസങ്ങളോളം ഇതിനായി ചര്‍ച്ച നടത്തി. ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം മറികടന്ന് ഹൈക്കമാന്‍ഡ് വി.ഡി.സതീശനെ പ്രതിപക്ഷ നേതാവാക്കിയത് ഇക്കൂട്ടരുടെ സമ്മർദം കാരണമാണ്.
ഗ്രൂപ്പിനൊപ്പം നിന്ന ചിലരും ഇവരുടെ കെണിയില്‍ വീണു. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിലും ഇതേ മാതൃക പിന്തുടരാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിക്കുന്നതും ഇവരാണെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ആക്ഷേപം. ഇതു മുന്നില്‍കണ്ടാണ് എ,ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചത്. എന്നാല്‍ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച കത്തില്‍ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ പരാമര്‍ശം ഇരുകൂട്ടര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചു.
രമേശ് തന്നെ ഉമ്മന്‍ ചാണ്ടിയോട് സംസാരിച്ച് പ്രശ്നം പരിഹരിച്ചെന്നാണ് സൂചന. കത്ത് വിവാദമാക്കാനില്ലെന്ന് കെ.സി.ജോസഫ് പറഞ്ഞതും ഇതിന്റെ ഭാഗമാണ്. ഗ്രൂപ്പിനൊപ്പമല്ലെങ്കില്‍പോലും ഹൈക്കമാന്‍ഡിന്റെ ഏകപക്ഷീയ നീക്കങ്ങളില്‍ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അസ്വസ്ഥനാണ്.
കെ.സുധാകരന്‍ പ്രസിഡന്റായാല്‍ ഗ്രൂപ്പുകള്‍ ഒരുവശത്തും ഗ്രൂപ്പിന് അതീതമായുള്ള പുതുനേതൃത്വം മറുവശത്തുമായേക്കും. പുതിയ പ്രസിഡന്റിനായി പ്രതീക്ഷയോടെയാണ് അണികള്‍ കാത്തിരിക്കുന്നത്. പക്ഷെ തോല്‍വിക്ക് പിന്നാലെ ഉടലെടുത്ത ചേരിയും ചേരിതിരിവുകളും ഏതുവിധത്തില്‍ പ്രതിഫലിക്കുമെന്നതിൽ അണികള്‍ക്ക് ആശങ്കയുമുണ്ട്.