ദില്ലി : നിയമത്തിലെ പരിഗണനകൾ സ്ത്രീകൾക്ക് ഭർത്താക്കന്മാരെ ചൂഷണം ചെയ്യാനുള്ളതല്ലെന്ന് സുപ്രീം കോടതി. സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടിയാണ് നിയമപരിഗണനകൾ നൽകിയിട്ടുള്ളത്. ഹിന്ദു വിവാഹം പവിത്രമായ ഒന്നാണെന്നും കുടുംബം ഒരു വാണിജ്യ സംരംഭമല്ലെന്നും ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഒരു വിവാഹമോചനവുമായി ബന്ധപ്പെട്ട വിധിയ്ക്കിടെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. നിയമത്തിലെ കർക്കശമായ പരിപരിഗണനകൾ അവരുടെ ക്ഷേമത്തിനുള്ളതാണെന്ന് സ്ത്രീകൾ മനസ്സിലാക്കണം. അല്ലാതെ ഭർത്താക്കന്മാരെ ചൂഷണം ചെയ്യാനോ ഉപദ്രവിക്കാനോ നിയന്ത്രിക്കാനോ ഉള്ളതല്ല. ക്രിമിനൽ നിയമത്തിലെ പരിഗണനകൾ സ്ത്രീകളെ സംരക്ഷിക്കാനുള്ളതാണ്. എന്നാൽ ചില അവസരങ്ങളിൽ ചിലർ ഈ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നു കോടതി പറഞ്ഞു.
വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് മുൻഭാര്യക്ക് ഭർത്താവ് 12 കോടി രൂപ ജീവനാംശം നൽകണമെന്നും കോടതി വിധിച്ചു. ഒരു മാസത്തിനകം തുക നൽകണം. എന്നാൽ യുവാതിനെതിരായ പരാതികളിലെ ഗൗരവമേറിയ ആരോപണങ്ങൾ ഇയാളിൽ നിന്ന് പണം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു. അതിന് വേണ്ടിയാണ് യുവതിയും കുടുംബവും ശ്രമിച്ചത്. ചില കേസുകളിൽ ബന്ധുക്കളെയും ഭർത്താവിനെയും വേഗത്തിൽ അറസ്റ്റ് ചെയ്യാൻ പോലീസ് ധൃതികാണിക്കാറുണ്ട്. വൃദ്ധരെയും കിടപ്പുരോഗികളെയുമൊക്കെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കും. ശേഷം കുറ്റകൃത്യങ്ങളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇവർക്ക് ജാമ്യം നൽകാൻ കോടതികൾ തയ്യാറാവാറുമില്ല എന്നും കോടതി പറഞ്ഞു.