പത്തനംതിട്ട: തന്റെ പേരിൽ വ്യാജമായി രജിസ്റ്റർ ചെയ്തൊരു ബൈക്ക് കഴിഞ്ഞ 13 വർഷമായി നിരത്തിലുണ്ടെന്ന് അറിഞ്ഞതിന്റെ ഞെട്ടിലിലാണ് പത്തനംതിട്ട വലഞ്ചുഴി സ്വദേശി ആസിഫ് അബൂബക്കർ. ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടിയ എ.ഐ ക്യാമറയിൽ നിന്ന് തുടർച്ചയായി നോട്ടീസ് കിട്ടിയപ്പോഴാണ് തന്റെ പേരിൽ മറ്റാരോ വാഹനം രജിസ്റ്റര്‍ ചെയ്ത കാര്യം തിരിച്ചറിഞ്ഞതെന്ന് യുവാവ് പറയുന്നു. പോലീസിന്റെ സഹായത്തോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
ആനന്ദപ്പള്ളി, ഏഴംകുളം എന്നിവിടങ്ങളിലെ എഐ ക്യാമറകളിൽ നിന്ന് തുടർച്ചയായി നോട്ടീസുകൾ കിട്ടിയപ്പോൾ, ആസിഫ് ഒന്നു ഞെട്ടി. താൻ ഇതുവരെ ജീവിതത്തിൽ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത ബൈക്കിന്റെ പേരിലായിരുന്നു പെറ്റി അത്രയും വരുന്നത്. മോട്ടോർ വാഹനവകുപ്പിൽ തിരിക്കയപ്പോൾ വീണ്ടും ഞെട്ടി. ഒരു ബൈക്ക് തന്റെ പേരിൽ 2010 ൽ പത്തനംതിട്ട ആർടിഒയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നു. ഉടൻ മോട്ടോർ വാഹനവകുപ്പിലും പോലീസിലും പരാതി നൽകി. എന്നാൽ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ലെന്ന് യുവാവ് പറയുന്നു.